ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും ഇല്ലാത്തവരുടെ എണ്ണം തുലോം കുറവാണ്. വഴിയോര കച്ചവടക്കാരന് മുതൽ,ശതകോടീശ്വരന്മാർക്ക് വരെ ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകൾ ഇന്നുണ്ട്. ബാങ്ക് ഉപയോക്താക്കൾ രാജ്യത്ത് ഏറെ ഉള്ളതിവാൽ പരാതികളും അനവധിയാണ്. ബാങ്കുമായി ബന്ധപ്പെട്ട് ഏറ്റവും അധികം ഉയർന്നുവരുന്ന പരാതികളിലൊന്ന് മിനിമം ബാലൻസ് ചാർജ് പിടിച്ചതുമായി ബന്ധപ്പെട്ടാണ്. മിനിമം ബാലൻസ് വേണമെന്ന് അറിയില്ലായിരുന്നുവെന്നും മിനിമം ബാലൻസ് പിടിച്ചത് ശരിയായില്ല്,കൂടിപ്പോയി എന്നുമൊക്കെയാണ് ഇടപാടുകാരുടെ പരാതികളിൽ പ്രധാനം.
ബാങ്കുകളിൽ സേവിങ്‌സ് ബാങ്ക്, കറന്റ് അക്കൗണ്ട് എന്നിവ തുടങ്ങുവാൻ കുറഞ്ഞത് എത്ര തുക അടയ്ക്കണം എന്ന് ഓരോ ബാങ്കിലും ഓരോ നയമാണ്. ഇതിൽ ഓരോ തരം അക്കൗണ്ടിനും അടയ്‌ക്കേണ്ട കുറഞ്ഞ തുക വേറെ വേറെയാണ്. ഓരോ തരം അക്കൗണ്ടിനും ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളും അനുസരിച്ച് ആണ് കുറഞ്ഞ തുക നിശ്ചയിച്ചയിക്കുക.ബാങ്കിൽ പണം അടയ്ക്കുക, ആവശ്യമുള്ളപ്പോൾ ബാങ്കിൽ ചെന്നോ എ ടി എം വഴിയോ തിരിച്ചെടുക്കുക എന്നിങ്ങനെയുള്ള കുറഞ്ഞ സൗകര്യങ്ങൾ മാത്രം നൽകുന്ന അക്കൗണ്ട് ആണെങ്കിൽ കുറവ് മിനിമം ബാലൻസ് തുക മതിയാകും. എന്നാൽ വലിയ തുക എ ടി എം വഴി തിരിച്ചെടുക്കുക, വിമാനയാത്രയിൽ എയർ പോർട്ട് ലോഞ്ച് സൗകര്യം, വായ്പ എടുക്കുമ്പോൾ ചാർജുകളിലും മറ്റും ഇളവ് , സേഫ് ഡെപോസിറ്റ് ലോക്കർ ഫീസൊന്നും കൂടാതെയോ കുറഞ്ഞ ഫീസൊടുകൂടിയോ നൽകുക എന്നിങ്ങനെ അധിക സൗകര്യങ്ങളോടുകൂടിയ അക്കൗണ്ട് ആണെങ്കിൽ മിനിമം ബാലൻസ് തുക കൂടുതലായിരിക്കും. അക്കൗണ്ടിൽ തുകയൊന്നും അടക്കാതെ തന്നെ തുറക്കാവുന്ന അക്കൗണ്ടുകൾ സാലറി അക്കൗണ്ടുകൾ, കുട്ടികളുടെ പേരിലുള്ള അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള അക്കൗണ്ടുകൾ ആണെങ്കിൽ മിനിമം ബാലൻസ് വയ്‌ക്കേണ്ട.
അക്കൗണ്ട് ഉടമകൾ അറിയാതെ പിഴ ചുമത്താൻ ബാങ്കിന് കഴിയില്ല. മാത്രമല്ല അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആക്കാൻ ബാങ്കുകൾക്ക് അധികാരമില്ല. അക്കൗണ്ടിലെ ബാലൻസ് ഏതാണ്ട് തീരാറാകുമ്പോൾ പിഴ ഈടാക്കിയാൽ, അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആകാനും സാധ്യതയുണ്ട്. 2014 നവംബർ 20ന് പുറപ്പെടുവിച്ച ആർബിഐ സർക്കുലർ പ്രകാരം ഉപഭോക്താവിന്റെ പ്രയാസങ്ങളും, അശ്രദ്ധയും ബാങ്കുകൾ അനാവശ്യമായി മുതലെടുക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.. ഉപഭോക്താക്കൾ മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കിൽ, ബാങ്കുകൾ ഇടപാടുകാരെ അറിയിക്കേണ്ടതുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള ചാർജുകളെക്കുറിച്ചും ഉപഭോക്താക്കളെ അറിയിക്കണമെന്നും, സേവിംഗ്‌സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവാകാൻ പാടില്ലെന്നും ആർബിഐ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
ആർബിഐ സർക്കുലർപ്രകാരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് ഒരു ബാങ്ക് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്: അതായത് ഒരു ഉപഭോക്താവ് മിനിമം ബാലൻസ് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ന്യായമായ കാലയളവിനുള്ളിൽ അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവസരം നൽകും. അനുവദിച്ച സമയം അതിക്രമിച്ചാൽ പിഴ തുക ഈടാക്കാം.പിഴ തുക ഈടാക്കും മുൻപ്എ സ്എംഎസ് മുഖേനയോ ഇമെയിൽ, കത്ത് എന്നീ മാർഗങ്ങൾ വഴിയോ മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ലെന്ന വിവരം അക്കൗണ്ട് ഉടമയെ ബാങ്കുകൾ അറിയിക്കണം. മിനിമം ബാലൻസ് അനുവദിച്ച കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്. എത്ര രൂപ കുറവുണ്ട് എന്നതിനു ആനുപാതികമായിരിക്കണം പിഴത്തുക.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2020 മാർച്ചിൽ, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾക്കായുള്ള മിനിമം ബാലൻസ് വേണമെന്ന നിബന്ധന എസ്ബിഐ നിർത്തലാക്കിയിട്ടുണ്ട്
എച്ച്ഡിഎഫ്സി ബാങ്ക്
ബാങ്കിന്റെ വെബ്സൈറ്റ് അനുസരിച്ച്, മിനിമം ശരാശരി പ്രതിമാസ ബാലൻസ് രൂപ നിലനിർത്തേണ്ടത് നിർബന്ധമാണ്. നഗരത്തിലുള്ള ബ്രാഞ്ചുകൾ ശരാശരി പ്രതിമാസ ബാലൻസ് 10000 രൂപ മിനിമം ബാലൻസ് ആയി നിലനിർത്തണം. അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷവും ഒരു ദിവസവും കാലാവധിയുള്ള ഒരു ലക്ഷം രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരിക്കണം. അർദ്ധ-നഗര ബ്രാഞ്ചുകൾ ശരാശരി ത്രൈമാസ ബാലൻസ് 5000 രൂപ നിലനിർത്തണം. മിനിമം തുക ഇല്ലെങ്കിൽ പിഴയായി എത്രയാണോ കുറവ് അതിന്റെ 6 ശതമാനം അല്ലെങ്കിൽ 600 രൂപ, ഇതാണോ കുറവ് അത് നൽകണം.
ഐസിഐസിഐ
ഐസിഐസിഐ ബാങ്കിന്റെ സാധാരണ സേവിംഗ്സ് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് തുക 10,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നഗര ശാഖകളിൽ 5,000 രൂപയും ഗ്രാമീണ ശാഖകളിൽ 2,000 രൂപയും മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. പിഴ, 100 രൂപയും കൂടെ എത്രയാണോ കുറവ് അതിന്റെ 5 ശതമാനവും നല്കണം.
പിഎൻബി
മെട്രോ നഗരങ്ങളിൽ 5,000 മുതൽ 600 രൂപയും അർദ്ധ നഗരങ്ങളിൽ 500 രൂപയും ഗ്രാമപ്രദേശങ്ങളിൽ 400 രൂപയും ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. പിഴ ബ്രാഞ്ചുകൾ അനുസരിച്ച് വ്യത്യാസപ്പെടും.
യെസ് ബാങ്ക്
മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജ് ഈടാക്കില്ല.
Discussion about this post