കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ്റെ മൃതദേഹം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകും. ജോസഫൈൻ്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിനാണ് കൈമാറുന്നത്. ജോസഫൈൻ്റെ ആഗ്രഹപ്രകാരമാണിത്.
ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈൻ്റെ അന്ത്യം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായിരിക്കെ ജോസഫൈൻ വലിയ വിവാദങ്ങളിൽ ചെന്ന് പെട്ടിരുന്നു. അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവായിരുന്നു ജോസഫൈൻ. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
Discussion about this post