ലഖ്നൗ: ലഖ്നൗവിൽ 19 കാരിയായ നിധി ഗുപ്തയെ നാല് നില കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ പ്രതി സൂഫിയാനെ യു പി പോലീസ് ഏറ്റുമുട്ടലിൽ കീഴടക്കി. ഇക്കഴിഞ്ഞ ദിവസം രാത്രിയാണ് സൂഫിയാൻ പെൺകുട്ടിയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
ലഖ്നൗവിലെ ദുബാഗയിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിലാണ് സുഫിയാനെ അറസ്റ്റ് ചെയ്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ജെസിപി) പിയൂഷ് മോർദിയ പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് യുപി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 25,000 രൂപയായിരുന്നു പാരിതോഷികം. അങ്ങനെയാണ് പ്രതി ഒളിവിൽ താമസിക്കുന്ന സ്ഥലത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
“ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഏറ്റുമുട്ടലിൽ സുഫിയാനെ അറസ്റ്റ് ചെയ്തത്. വലതു കാലിന് വെടിയേറ്റ സുഫിയാനെ കിംഗ് ജോർജ്ജ് മെഡിക്കൽ ആശുപത്രിയിൽ (കെജിഎംയു) പ്രവേശിപ്പിച്ചിട്ടുണ്ട്.” ദുബാഗ്ഗ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്പി) സുഖ്വീർ സിംഗ് ബദൗരിയ പറഞ്ഞു.
കഴിഞ്ഞ കുറേ നാളുകളായി പെൺകുട്ടിയുടെ വീഡിയോ കയ്യിലുണ്ടെന്ന് അവകാശപ്പെട്ട് ഇയാൾ വിവാഹം അഭ്യർത്ഥന നടത്തി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സൂഫിയാൻ ഇസ്ലാം മതം സ്വീകരിക്കാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
“പെൺകുട്ടിയും പ്രതിയും അയൽവാസികളായിരുന്നു, ഇയാൾ കുറേ നാളായി പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. കുടുംബാംഗങ്ങളും ഈ സൗഹൃദത്തിന് എതിരായിരുന്നു. സുഫിയാൻ യുവതിക്ക് നിർബന്ധപൂർവ്വം ഒരു മൊബൈൽ നൽകുകയും വിവരം അറിഞ്ഞ വീട്ടുകാർ ഇത് തിരിച്ച് നൽകാൻ ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.
ഇരു കുടുംബങ്ങളും സംസാരിച്ചുകൊണ്ടിരിക്കെ, പ്രതി പെൺകുട്ടിയെ കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് കൊണ്ടുപോയി അവിടെ നിന്ന് താഴേക്ക് തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയ വീട്ടുകാർ കെട്ടിടത്തിന് താഴെ യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതായാണ് കണ്ടത്. പ്രതികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. അയൽവാസികളുടെ സഹായത്തോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.ബ്യൂട്ടിപാർലറിലാണ് പെൺകുട്ടി ജോലി ചെയ്തിരുന്നത്. പെൺകുട്ടിയുടെ അമ്മ വീട്ടുജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്.
Discussion about this post