കുമളി; കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം. കുമളി ലോവർ ക്യാമ്പിന് സമീപമാണ് അപകടം നടന്നത് . തമിഴ്നാട് സ്വദേശികളാണ് മരിച്ചത്.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നതായിട്ടാണ് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനും സാദ്ധ്യതയുണ്ട്.
അപകടത്തിൽപെട്ടവരെ കുമളി ആശുപത്രിയിലേക്ക് മാറ്റി. റോഡിലെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പോലീസും സ്ഥലത്തെത്തി. രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ലോവർ ക്യാമ്പ് മലമ്പാതയിലെ കൊടുംവളവിലാണ് അപകടം സംഭവിച്ചത്.
ഇക്കുറി തീർത്ഥാടനം ആരംഭിച്ച ശേഷം ഇത് മൂന്നാമത്തെ വലിയ അപകടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച എരുമേലി കണ്ണിമലയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞ് പത്ത് വയസുകാരി മരണപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ നിന്നുളള തീർത്ഥാടകരാണ് അന്നും അപകടത്തിൽപെട്ടത്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ ളാഹയിലുണ്ടായ അപകടത്തിൽ മണികണ്ഠൻ എന്ന എട്ടു വയസുകാരൻ അയ്യപ്പനും പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മണികണ്ഠൻ അടുത്തിടെയാണ് ആശുപത്രി വിട്ടത്.
അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഡ്രൈവർമാർർക്ക് ശബരിമലയിലേക്കുളള റോഡുകളെക്കുറിച്ച് ബോധവൽക്കരണം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
Discussion about this post