തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഗൗരവതരമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ സമരം നടന്നപ്പോൾ ഇവിടെ കോലാഹലമുണ്ടാക്കിയവരെല്ലാം ഇപ്പോൾ മൗനവ്രതത്തിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളും സ്ഥാപനത്തിലെ ജീവനക്കാരും ഡയറക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഡയറക്ടറുടെ വീട്ടിലെ ടോയ്ലറ്റ് കഴുകാൻ വരെ ഇൻസ്റ്റിറ്റിയൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചെന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വനിതാ ജീവനക്കാർ കുളിച്ചു വസ്ത്രം മാറിയ ശേഷമേ തന്റെ വീട്ടിൽ കയറാവൂ എന്ന് ഡയറക്ടർ നിർദേശിച്ചെന്ന പരാതി ഉയർന്നിട്ടും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയുമെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ ഇതിന് മുമ്പും ജാതിവിവേചനവും ദളിത് വിവേചനവും ഉണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ വിഷയമുണ്ടായിട്ടും കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കാത്തത് നിയമവിരുദ്ധമാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ളതെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയവത്ക്കരണവും കടുത്ത ജാതീയതയുമാണ് മികവിന്റെ കേന്ദ്രങ്ങളിൽ നടമാടുന്നത്. പിണറായി വിജയന്റെ കേരളത്തിൽ ദളിത് പിന്നാക്ക വിഭാഗക്കാർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ സാധിക്കുന്നില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post