ഭോപ്പാൽ: വിദ്യാർത്ഥികൾ നോക്കി നിൽക്കേ ക്ലാസ്മുറിയിൽ അദ്ധ്യാപകർ നിസ്കരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഭോപ്പാലിലെ റഷിദിയ സ്കൂളിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് അദ്ധ്യാപകരിൽ ചിലർ വിദ്യാർത്ഥികൾ നോക്കി നിൽക്കേ നിസ്കരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. നിസ്കരിക്കുന്നതിനിടെ അദ്ധ്യാപകർ വിദ്യാർത്ഥികളോട് നിസ്കരിക്കാൻ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. ഇതോടെ രക്ഷിതാക്കൾ രംഗത്തുവരികയായിരുന്നു. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് ഹിന്ദു സംഘടനകളും പ്രതിഷേധവുമായി എത്തി.
നിസ്കാരം നടത്തുന്നതിനും മത വസ്ത്രങ്ങൾ, ചിഹ്നങ്ങൾ എന്നിവ ധരിച്ച് സ്കൂളുകളിൽ എത്തുന്നതിനും വിലക്കുണ്ട്. ഇത് അദ്ധ്യാപകർ തന്നെ ലംഘിച്ചുവെന്ന് ഹിന്ദു സംഘടനകൾ പറഞ്ഞു. കുറ്റക്കാരായ മുഴുവൻ അദ്ധ്യാപകർക്കെതിരെയും കർശന നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സ്കൂളിൽ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിക്കുമെന്നും ഹിന്ദു സംഘടനകൾ മുന്നറിയിപ്പ് നൽകി.
അതേസമയം കുറ്റക്കാരായ അദ്ധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞു. സ്കൂളുകളിൽ മതപരമായ ആചാര അനുഷ്ഠാനങ്ങൾ നടത്തരുത് എന്നാണ് നിയമം. അദ്ധ്യാപകർ ഈ നിയമം ലംഘിച്ചു. അതിനാൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
Discussion about this post