ഇടുക്കി: പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ വീണ്ടും ആക്രമണവുമായി അരിക്കൊമ്പൻ. പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആക്രമിച്ചു. അരിയും പഞ്ചാസരും ആന തിന്നു.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. പൂപ്പാറ തലക്കുളത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. കൊച്ചി -ധനുഷ്കോടി ദേശിയ പാതയിലൂടെ തമിഴ്നാട്ടിൽ നിന്നായിരുന്നു സാധനങ്ങളുമായി ലോറി എത്തിയത്. ഇതിനിടെ കാടിറങ്ങിയെത്തിയ കൊമ്പൻ ആക്രമണം നടത്തുകയായിരുന്നു.
ആനയെ കണ്ടയുടൻ ലോറിയിൽ നിന്നും ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. അതിനാൽ ആളപായം ഉണ്ടായില്ല. ലോറിയിലെ അരിയും പഞ്ചസാരയും ഭക്ഷിച്ച ശേഷം ആന മടങ്ങുകയായിരുന്നു.
ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആനയെ മയക്കുമരുന്ന് വെടിവച്ച് പിടികൂടാനാണ് തീരുമാനം. ഇതിന് ശേഷം ആനയെ സംരക്ഷിക്കാനുള്ള കൂടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് അരിക്കൊമ്പൻ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും കൊമ്പൻ ജനവാസ മേഖലയിൽ എത്തി വീട് തകർത്തിരുന്നു. അടുക്കള തകർത്ത് അരി ഭക്ഷിച്ച കൊമ്പനെ ഏറെ പാട്പെട്ടായിരുന്നു വിരട്ടി ഓടിച്ചത്. അരിക്കൊമ്പൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ വലിയ ഭയത്തോടെയാണ് ചിന്നക്കനാൽ ശാന്തൻപാറ മേഖലയിലെ ജനങ്ങൾ കഴിയുന്നത്.
Discussion about this post