ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി വ്യോമസേന അറിയിച്ചു.
നിർമ്മാണത്തിന് ശേഷം റഷ്യ ഈ ദീർഘ ദൂര വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യ ഇത് ചെയ്തിരുന്നില്ല. ചൈനയുടെയും പാകിസ്താന്റെയും ഭീഷണി ശക്തമാകുന്ന സാഹചര്യത്തിലാണ് സംവിധാനം ആദ്യമായി പ്രയോഗിച്ച് നോക്കാൻ തീരുമാനിച്ചത്. നിലവിൽ രണ്ട് സ്ക്വാഡ്രൻ എസ്-400 വ്യോമ പ്രതിരോധ സംവിധാനമാണ് രാജ്യത്തിനുള്ളത്.
ചലിക്കുന്ന ലക്ഷ്യത്തിനെതിരെ ഹ്രസ്വ- മദ്ധ്യ ദൂര മിസൈലുകൾ ഉപയോഗിച്ചാകും ഈ സംവിധാനം പ്രയോഗിക്കുക. മൂന്ന് തരത്തിലുള്ള മിസൈലുകൾ ഉപയോഗിച്ചും എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിക്കാം. അതിവേഗം നീങ്ങുന്ന യുദ്ധ വിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും സെക്കന്റുകൾക്കുള്ളിൽ ചാരമാക്കാൻ ഈ സംവിധാനത്തിന് കഴിയും. ജമ്മു കശ്മീരിലെ ലഡാക്കിനെയും പശ്ചിമ ബംഗാളിലെ ചിക്കെൻസ് നെക്ക് കോറിഡോറിനെയും സംരക്ഷിക്കുന്ന തരത്തിലാണ് വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരിക്കുന്നത്.
റഷ്യയിൽ നിന്നും 35,000 കോടി ചിലവിട്ടാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയത്. അഞ്ച് സ്ക്വാഡ്രനുകൾക്ക് വേണ്ടിയാണ് വൻതുകയുടെ കരാർ. ബാക്കി മൂന്ന് സ്ക്വാഡ്രനുകൾ ഉടൻ രാജ്യത്ത് എത്തും.
അയൽ രാജ്യങ്ങളിൽ നിന്നും ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആയുധക്കരുത്ത് ഉയർത്തുകയാണ് വ്യോമസേന ചെയ്യുന്നത്. അടുത്തിടെ തദ്ദേശീയമായി നിർമ്മിച്ച എംആർ എസ്എഎം, ആകാശ് മിസൈൽ സംവിധാനങ്ങൾ വ്യോമസേന സ്വന്തമാക്കിയിരുന്നു.
Discussion about this post