ശ്രീഹരിക്കോട്ട: പിഎസ്എൽവി സി55ന്റെ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് 2, ലുമിലൈറ്റ് 4 എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ടെലിയോസ് 2 എന്നാണ് ദൗത്യത്തെ വിളിക്കുന്നത്. എസ്ടി എഞ്ചിനീയറിംഗ് ആണ് 756 കിലോ ഭാരമുള്ള ഉപഗ്രഹങ്ങൾ നിർമ്മിച്ചത്. ടെലിയോസ് 2ന് 741 കിലോ ഭാരവും, ലുമിലൈറ്റിന് 16 കിലോ ഭാരവുമാണുള്ളത്. കാലാവസ്ഥാ വ്യതിയാനം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് ടെലിയോസ് 02 ഉപയോഗിക്കുക.
സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടെലിയോസ് 2 നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക സാറ്റലൈറ്റ് ഇമേജറി ഉപഗ്രഹമാണിത്. നാവിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ലുമിനൈറ്റ് വിക്ഷേപിക്കുന്നത്. സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങൾക്ക് പുറമെ പൊളാർ ഓർബിറ്റിനെ കുറിച്ച് പഠിക്കുന്ന ഐഎസ്ആർഒയുടെ പോം മൊഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്. വിക്ഷേപണ വാഹനത്തിൽ നിന്നും ഇത് വേർപെടില്ല. ഭൂമിക്ക് ചുറ്റും ഇനി എത്ര പോളാർ ഭ്രമണപഥങ്ങൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്താനാണ് പോം ഉപയോഗിക്കുക.
റോക്കറ്റ് അസംബ്ലിങ്ങിൽ വരുത്തിയ മാറ്റമാണ് പിഎസ്എൽവി സി55ന്റെ പ്രത്യേകത. വിക്ഷേപണ തറയിൽ വച്ച് റോക്കറ്റ് അസംബിൾ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി പിഐഎഫ് എന്ന പുതിയ കേന്ദ്രത്തിൽ പകുതി ഭാഗങ്ങൾ അസംബിൾ ചെയ്ത ശേഷം ലോഞ്ച് പാഡിൽ എത്തിക്കുന്നതാണ് ഈ രീതി. ഒരു റോക്കറ്റ് വിക്ഷേപണത്തിനായി തയ്യാറെടുക്കുമ്പോൾ മറ്റൊരു റോക്കറ്റ് അസംബിൾ ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോഞ്ചുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post