കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിലെ സാഹസിക നാവികരെ സ്വീകരിക്കാൻ ഫ്രഞ്ച് തുറമുഖ നഗരമായ സാബ്ലെ ദെലോൻ ഒരുങ്ങി. ഗോൾഡൻ ഗ്ലോബ് റേസ് മത്സരത്തിന്റെ ഫിനിഷിംഗ് ലൈനിൽ ഇന്ത്യൻ സമയം നാളെ ഉച്ചയോടെ ആദ്യത്തെ പായ് വഞ്ചി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 മത്സരാർത്ഥികൾ മാറ്റുരച്ച ഗോൾഡൻ ഗ്ലോബ് റേസിൽ ഇനി അഭിലാഷ് ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് അവശേഷിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഗോൾഡൻ ഗ്ലോബ് റേസിന്റെ പോഡിയത്തിൽ ഇടം നേടുന്നത്.
മലയാളി നാവികൻ അഭിലാഷ് ടോമി, ദക്ഷിണാഫ്രിക്കൻ വനിതാ താരം കിഴ്സറ്റൻ നോയിഷെയ്ഫർ, ഓസ്ട്രിയൻ നാവികൻ മൈക്കൻ ഗുഗൻബർഗർ എന്നിവരാണ് മത്സരത്തിന്റെ അന്തിമഘട്ടത്തിലുള്ളത്. കിഴ്സ്റ്റൻ നോയ്ഷെയ്ഫർ ആണ് മത്സരത്തിൽ ഒന്നാമതായി തുടരുന്നത്. അഭിലാഷ് ടോമിയുടെ വഞ്ചിയാണ് രണ്ടാമതായിട്ടുള്ളത്. മൂന്നാമതായി നിൽക്കുന്ന ഓസ്ട്രിയൻ നാവികന്റെ വഞ്ചി 1500 നോട്ടിക്കൽ മൈൽ പിന്നിലാണ്.
കിഴ്സ്റ്റൻ നോയിഷെയ്ഫർ നാളെ പകലും, അഭിലാഷ് ടോമി രാത്രിയും തീരത്ത് എത്തുമെന്നാണ് സംഘാടകർ നൽകുന്ന സൂചന. എന്നാൽ ആദ്യം ഫിനിഷ് ചെയ്യുന്നയാൾ ജേതാവാകും എന്ന വ്യവസ്ഥ ഈ മത്സരത്തിൽ ഇല്ല. വഞ്ചി അനുവദനീയമായ സഞ്ചാരപാതയിൽ നിന്ന് മാറി സഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതൽ അളവിൽ ഡീസൽ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം സംഘാടകർ പരിശോധിക്കും.
എട്ട് മാസത്തോളം നീണ്ട ഏകാന്ത യാത്രയ്ക്കാണ് നാളെ അവസാനമാകുന്നത്. കഴിഞ്ഞ സെപ്തംബർ നാലിന് ആരംഭിച്ച മത്സരം 234 ദിവസമാണ് പിന്നിട്ടത്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ യാച്ച് റേസുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ഗോൾഡൻ ഗ്ലോബ് റേസ്. 1968ൽ നിലവിലുണ്ടായിരുന്ന ആശയ വിനിമയ സങ്കേതങ്ങളുപയോഗിച്ച് ഒറ്റയ്ക്ക് പായ് വഞ്ചിയിൽ ലോകം ചുറ്റിവരികയെന്നതാണ് മത്സരം. 2022 സെപ്റ്റംബറിലും 2018ലും അഭിലാഷ് ടോമി ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തിരുന്നു. 2018ൽ പക്ഷേ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ കൊടുങ്കാറ്റിൽ യാച്ച് തകർന്നതോടെ ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സാരമായി പരുക്കേറ്റ അഭിലാഷിന്റെ നില ഗുരുതരമായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തിരുന്നു.
Discussion about this post