റായ്പൂര്‍: ബോളിവുഡ് നടി കരീന കപൂറുമൊത്ത് ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് എടുത്ത സെല്‍ഫിക്കെതിരെ കോണ്‍ഗ്രസിന്റെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് വിളകള്‍ നശിച്ച് കൃഷിക്കാര്‍ ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് നടിയുമൊത്ത് മുഖ്യമന്ത്രി സെല്‍ഫിയെടുത്ത് ആഘോഷിക്കുകയാണെന്ന് ഛത്തിസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗല് വിമര്‍ശിച്ചു.
എന്നാല്‍, പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെയും അഥിതികളുടെയും ചിത്രങ്ങളാണ് മുഖ്യമന്ത്രി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംഭവത്തെകുറിച്ച് മുഖ്യമന്തിയോ കരീന കപൂറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുട്ടികളുടെ അവകാശം സംബന്ധിച്ച് യുനിസെഫും സംസ്ഥാന സ്കൂള്‍ വിദ്യാഭ്യാസ, സ്ത്രീ, ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് യുനിസെഫിന്റെ ഇന്ത്യയിെല സെലിബ്രിറ്റി അംബാസഡര്‍ കരീന കപൂറും ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ്ങും മുഖ്യാഥിതികളായത്. ചടങ്ങിനിടെ സിനിമാ താരവും മുഖ്യമന്ത്രിയും സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം പുറത്തുവന്നതാണ് വിമര്‍ശത്തിന് വഴിവെച്ചത്.
ആറായിരത്തോളം വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ 36 സ്കൂളുകളില്‍ നിന്നുള്ള അഞ്ച് അധ്യാപികമാരെയും 31 വിദ്യാര്‍ഥികളെയും ഛത്തിസ്ഗഢ് രത്ന പുരസ്കാരം നല്കി സര്‍ക്കാര്‍ ആദരിച്ചു.
Discussion about this post