ന്യൂഡൽഹി : എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. 59 കാരിയായ സൂസൻ ലിയോപോൾഡിന ജീസസ് അസുഖത്തെ തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. പേസ് മേക്കർ ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കിയ ഏഷ്യയിലെ ആദ്യ വനിതയെന്ന പുതിയ ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്രയാണം ആരംഭിച്ച ഇവർക്ക് ബേസ് ക്യാമ്പിലെതത്തിയപ്പോഴേക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സോലുഖുംബു ജില്ലയിലെ ലുക്ല ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേപ്പാൾ ടൂറിസം ഡിപ്പാർട്ട്മെന്റ് ഡയറക്ടർ യുവരാജ് ഖതിവാഡയാണ് മരണവിവരം അറിയിച്ചത്.
ആരോഗ്യ നില മോശമായതിനെ തുടർന്ന് സൂസനോട് ദൗത്യത്തിൽ നിന്ന് പിന്മാറാൻ ഖതിവാഡ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ മുഴുവൻ ഫീസ് അടച്ചെന്നും പിന്മാറാൻ സാധിക്കില്ലെന്നും പറഞ്ഞ് ഇവർ കൊടുമുടി കയറാൻ തുടങ്ങുകയായിരുന്നു.
എവറസ്റ്റ് ബേസ് ക്യാമ്പിന് അൽപ്പം മുകളിലായി 5,800 മീറ്റർ വരെ കയറിയ സുസൈനെ ബുധനാഴ്ച വൈകുന്നേരം ലുക്ല ടൗണിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് യാത്രാ സംഘാടകനായ ഗ്ലേസിയർ ഹിമാലയൻ ട്രെക്കിന്റെ ചെയർമാൻ ഡെൻഡി ഷെർപ്പ പറഞ്ഞു.
ബേസ് ക്യാമ്പിൽ നടത്തിയ ടെസ്റ്റിൽ ഇവർ പരാജയപ്പെട്ടിരുന്നതായി ഷെർപ്പ പറഞ്ഞു. കേവലം 250 മീറ്റർ അകലെ ബേസ് ക്യാമ്പിന് മുകളിലുള്ള ക്രോംപ്ടൺ പോയിന്റിൽ എത്താൻ അഞ്ച് മണിക്കൂറിലധികം സമയമെടുത്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് എവറസ്റ്റ് കൊടുമുടി കീഴടക്കാൻ സൂസന് ആരോഗ്യമില്ലെന്ന് അറിയിച്ച് ഷെർപ്പ ടൂറിസം വകുപ്പിന് കത്തെഴുതിയിരുന്നു. അക്ലിമേറ്റൈസേഷൻ പരിശീലനത്തിനിടെ പോയിന്റിലെത്താൻ സൂസന്് ആദ്യ ശ്രമത്തിൽ അഞ്ച് മണിക്കൂറും രണ്ടാമത്തെ ശ്രമത്തിൽ ആറ് മണിക്കൂറും മൂന്നാം ശ്രമത്തിൽ 12 മണിക്കൂറും എടുത്തിരുന്നു. എന്നാൽ അവർക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു.
Discussion about this post