കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിമ്മുമായി കൈകോർത്ത് കോൺഗ്രസ്. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും ഒരുമിച്ചായിരിക്കും പോരാടുക. ജൂലൈ എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ എമ്മിനോട് സഹകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി ചൗധരി പറഞ്ഞു.
ജൂലായ് എട്ടിന് 75,000 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചു. അതേസമയം നാമനിർദ്ദേശ പത്രിക ഓൺലൈനായി സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആധിർ രഞ്ജൻ ചൗധരി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പു ദിവസം കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
‘കേന്ദ്ര സേനയെ വിന്യസിച്ചാൽ മാത്രമേ പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയൂ. അവരുടെ സാന്നിധ്യം കാരണം സാഗർദിഗി ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് സാധ്യമായി. അതുകൊണ്ടാണ് അവിടെ തൃണമൂൽ കോൺഗ്രസ് തോറ്റതും കോൺഗ്രസ് വിജയിച്ചതും,’ ചൗധരി പറഞ്ഞു.
ഈ വർഷം നടന്ന ത്രിപുര തെരഞ്ഞെടുപ്പിന് പുറമെ പശ്ചിമ ബംഗാളിൽ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസും ഒരുമിച്ച് മത്സരിച്ചിരുന്നു. ബംഗാളിൽ കോൺഗ്രസിന് ആകെയുണ്ടായിരുന്ന ഒരു എംഎൽഎയും അടുത്തിടെ തൃണമൂൽ കോൺഗ്രസിലേക്ക് മാറിയിരുന്നു. സംസ്ഥാനത്ത് സിപിഎമ്മിന്റെ അവസ്ഥയും ശോചനീയമാണ്.
Discussion about this post