ഭോപ്പാൽ: വനവാസി യുവാവിന്റെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയ്ക്കെതിരെ കർശന നടപടിയെടുത്ത് മദ്ധ്യപ്രദേശ് സർക്കാർ. പ്രതി പ്രവേഷ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സിദ്ദി അഡീഷണൽ പോലീസ് സൂപ്രണ്ട് അഞ്ജുലത പട്ടീൽ ആണ് ഇക്കാര്യം അറിയിച്ചത്.
വനവാസി യുവാവിന് ശരീരത്തിൽ മൂത്രമൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ എസ്സി എസ്ടി നിയമത്തിലെ വിവിധ വകുപ്പുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വളരെ വേഗത്തിൽ തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി അഞ്ജുലത പട്ടീൽ വ്യക്തമാക്കി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം കൂടുതൽ നിയമനടപടികൾ ഇയാൾക്കെതിരെയുണ്ടാകും. എസ്സി/എസ്ടി നിയമത്തിലെ 294, 504 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും പട്ടീൽ അറിയിച്ചു.
പ്രതിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് അറിയിച്ചത്. സംസ്ഥാന സർക്കാർ പ്രതിയെ വെറുതെവിടാൻ പോകുന്നില്ല. കുറ്റകൃത്യത്തിന് കർശന ശിക്ഷ തന്നെ നൽകും. ഇത് മറ്റുള്ളവർക്കും ഒരു പാഠമാകട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post