ലക്നൗ: ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരമൊരുക്കുന്ന ജനതാ ദർശൻ പരിപാടിയിലൂടെ ജനങ്ങളുമായി സംവദിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ ജില്ലകളിൽ നിന്നായി 170 ലധികം ആളുകളാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സഹായമഭ്യർത്ഥിക്കാൻ എത്തിയത്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
ആളുകൾ അറിയിക്കുന്ന പ്രശ്നങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലഭിക്കുന്ന പരാതികൾ പോലീസ്, ബ്ലോക്ക്, തഹസിൽ തലങ്ങളിൽ വിശദമായി പരിശോധിക്കണം. കൂടുതൽ പരാതികൾ ലഭിക്കുന്ന ജില്ലകൾ ഏതാണെന്ന് കൃത്യമായി രേഖപ്പെടുത്താൻ ഡിജിപിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
പരാതികൾ വകുപ്പ് തിരിച്ച് കൃത്യമായി പരിശോധിക്കണം. സഹായമഭ്യർത്ഥിച്ച് വന്നതിലേറെയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികളാണ്. അവരുടെ ചികിൽസയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിച്ച് സർക്കാരിന് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഭൂസ്വത്തുകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും മറ്റ് കേസുകൾക്കും പ്രത്യേക പരിഗണന നൽകി. വേഗത്തിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
Discussion about this post