ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. ഭോപ്പാലിലെ വിവിധ ഭാഗങ്ങളിൽ വൻ ഭീകരാക്രമണങ്ങളായിരുന്നു ഭീകരൻ പദ്ധതിയിട്ടിരുന്നത് എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ജബൽപൂർ സ്വദേശി കാസിഫ് ആണ് അറസ്റ്റിലായത്.
ഭോപ്പാലിലെ റാണി കമലാപതി റെയിൽ വേ സ്റ്റേഷൻ ആക്രമിക്കാൻ ആയിരുന്നു ഇവർ പ്രധാനമായും പദ്ധതിയിട്ടിരുന്നത് എന്ന് എൻഐഎ വ്യക്തമാക്കി. ഇതിന് പുറമേ ജനങ്ങൾ കൂടുതൽ ആയി എത്തുന്ന സ്ഥലങ്ങളും കണ്ടുവച്ചിരുന്നു. ആസൂത്രണത്തിന്റെ ഭാഗമായി നിരവധി തവണ ഇയാൾ ഭോപ്പാൽ സന്ദർശിച്ചിരുന്നുവെന്നും എൻഐഎ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 20 നായിരുന്നു കാസിഫിനെ പിടികൂടിയത്. അന്ന് മുതൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുണ്ട്. കാസിഫിന് പുറമേ സയ്യദ് മമൂർ അലി, മുഹമ്മദ് ആദിൽ ഖാൻ, മുഹമ്മദ് ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കാസിഫിനെ പോലീസ് പിടികൂടിയത്.
ഭോപ്പാൽ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം വിപുലീകരിക്കാനും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസിയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post