ന്യൂഡൽഹി : ഇന്ത്യൻ രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനായി ആവശ്യമുന്നയിച്ചിട്ടുള്ള 22 രാജ്യങ്ങളുമായി സർക്കാർ ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധത്തോടെ റഷ്യക്കെതിരെ ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്തിയതിനാൽ ആഗോളതലത്തിലുള്ള വ്യാപാരം പല പാശ്ചാത്യ രാജ്യങ്ങളും കുത്തകയാക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് പല രാജ്യങ്ങളും ഇത്തരം ഒരു ആവശ്യവുമായി ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടുള്ളത്.
ഫോറെക്സ് കരുതൽ ശേഖരത്തിൽ ഡോളറിന്റെ കുറവ് അനുഭവിക്കുന്ന നിരവധി രാജ്യങ്ങൾ ഉണ്ട്. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇത്തരം രാജ്യങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാരം ഡോളറിൽ തന്നെ നടത്തേണ്ടതായ അവസ്ഥയാണ് ഉള്ളത്. ഈ ഘട്ടത്തിലാണ് ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനും രൂപയിൽ വ്യാപാരം നടത്താനും 22ഓളം രാജ്യങ്ങൾ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.
വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ ഇന്ത്യ നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോള വികസനത്തിലേക്ക് ഈ വികസ്വര രാജ്യങ്ങളെയും കൊണ്ടുവരാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ ഭൂട്ടാനും നേപ്പാളും ആയി ഇന്ത്യ രൂപയിൽ വ്യാപാരം നടത്തുന്നത് ആരംഭിച്ചു കഴിഞ്ഞു. ജര്‍മനി, സിംഗപ്പൂര്‍, ശ്രീലങ്ക, യുകെ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
ഇന്ത്യ റഷ്യയുമായി രൂപയിൽ വ്യാപാരം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കഴിഞ്ഞ ജൂലൈയിൽ 14 ഇന്ത്യന്‍ വാണിജ്യ ബാങ്കുകളില്‍ സ്പെഷ്യൽ റുപീ വോസ്ട്രോ അക്കൗണ്ട് തുറക്കുന്നതിന് റഷ്യയിലെ 34 ബാങ്കുകൾ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾക്ക് ആര്‍ബിഐ അനുമതി നൽകിയിട്ടുണ്ട്. ഇതോടുകൂടി റഷ്യക്ക് ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം രൂപയിൽ നടത്താൻ കഴിയുന്നതാണ്.
Discussion about this post