കാഞ്ഞങ്ങാട്; മാവേലി എക്സ്പ്രസ് ട്രാക്ക് മാറി കയറി അപകടം. കാസർകോട് കാഞ്ഞങ്ങാട് വച്ച് ഇന്ന് വൈകുന്നേരം ആറേ മുക്കാലോടെയാണ് സംഭവം.മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസാണ് ട്രാക്ക് മാറിക്കയറിയത്. ട്രാക്കിൽ വേറെ ട്രെയിൻ ഇല്ലാതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. സിഗ്നലിലെ തകരാറാണ് ഇങ്ങനെ സംഭവിക്കാൻ കാരണമെന്നാണ് വിവരം.
സിഗ്നലിലെ തകരാറാണോ അതോ എഞ്ചിൻ ഡ്രൈവർക്ക് സംഭവിച്ച പിഴവാണോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ട്രാക്ക് മാറി എന്ന് മനസ്സിലാക്കിയ ഉടൻ തന്നെ വണ്ടി നിർത്തി. റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറേണ്ട ട്രെയിൻ ട്രാക്ക് മാറി കയറുകയായിരുന്നു.പാളം മാറി നടുവിലെ പാളത്തിലൂടെ സ്റ്റേഷനിലേക്കു പ്രവേശിച്ചു. ട്രെയിൻ മധ്യഭാഗത്തു കൂടി വരുന്നതു കണ്ട യാത്രക്കാർ ആദ്യം മറ്റേതോ ട്രെയിൻ ആണെന്നാണു കരുതിയത്. പിന്നീട് തുടർച്ചയായി അനൗൺസ്മെന്റ് വന്നതോടെയാണു മധ്യത്തിൽ വന്ന ട്രെയിൻ മാവേലി ആണെന്ന് യാത്രക്കാർക്ക് മനസ്സിലായത്.
പാളം മുറിച്ചു കടന്നു ട്രെയിനിലേക്കു കയറാൻ യാത്രക്കാർ തിരക്കിട്ടു. അധികസമയം നിർത്തി മുഴുവൻ യാത്രക്കാരേയും കയറ്റിയ ശേഷമാണ് ട്രെയിൻ വിട്ടത്. പിഴവ് മനസിലായതോടെ റിവേഴ്സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. ഗുരുതരമായ സാങ്കേതിക പിഴവാണ് സംഭവിച്ചതെന്നാണു വിലയിരുത്തൽ.
Discussion about this post