കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മറ്റൊരു രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. അതേസമയം പ്രതികളെ കണ്ടെത്താനായി പോലീസിന്റെ ഊർജ്ജിത ശ്രമം തുടരുകയാണ്.
കൊല്ലം കണ്ണനല്ലൂരിലെ വീട്ടിലെ കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മറ്റൊരു രേഖാചിത്രം കൂടി ഇന്ന് പോലീസ് തയ്യാറാക്കി പുറത്തുവിടും.
ഇന്നലെ അബിഗേലിനെ ആശ്രാമം മൈതാനിയിൽ ഉപേക്ഷിച്ചത് സംഘത്തിലെ സ്ത്രീയാണ്. ഇവരെ മൂന്ന് വിദ്യാർത്ഥിനികൾ കണ്ടിരുന്നു. ഇവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കുക.
അബിഗേലിനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വാഹനപരിശോധനയുൾപ്പെടെ ഊർജ്ജിതമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജില്ല വിടാൻ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തികം മാത്രം ലക്ഷ്യമിട്ടല്ല പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇവർക്ക് പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. മുൻപ് സമാനകേസുകളിൽ പ്രതിയായവരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
Discussion about this post