ഭോപ്പാൽ: പോലീസുകാരെ ആക്രമിച്ച കേസിൽ നിരോധിത ഭീകര സംഘടനയായ സിമിയുടെ നേതാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സിമി മദ്ധ്യപ്രദേശ് ഘടകം അദ്ധ്യക്ഷൻ അബു ഫൈസലിനാണ് ശിക്ഷ വിധിച്ചത്. ഭോപ്പാൽ എൻഐഎ പ്രത്യേക കോടതിയുടേതാണ് വിധി.
2013 ലെ സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. ഭീകരവാദ കേസിൽ അറസ്റ്റിലായ അബു ഫൈസലിനെയും കൂട്ടാളികളെയും ഖാണ്ഡ്വ ജില്ലാ ജയിലിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും രക്ഷാപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വിധി.
2013 ഒക്ടോബർ മൂന്നിനായിരുന്നു സംഭവം. ഖാണ്ഡ്വ ജയിലിൽ നിന്നും മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് ഇത് ചെറുത്തു. ഇതിനിടെയായിരുന്നു കൊലപ്പെടുത്താൻ ശ്രമം. വയർലസ് കൈക്കലാക്കി പോലീസ് വാഹനത്തിൽ ആയിരുന്നു ഇവർ കടന്നുകളഞ്ഞത്. ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ പിന്നീട് ഡിസംബറിൽ ഇവരെ പിടികൂടുകയായിരുന്നു. തുടർന്ന് ഭോപ്പാൽ ജയിലിൽ ആയിരുന്നു ഇവരെ പാർപ്പിച്ചത്.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307, 395, 397, എന്നീ വകുപ്പുകൾ പ്രാകരമാണ് പോലീസ് കേസ് എടുത്തിരുന്നത്. വിചാരണയ്ക്കിടെ ഈ കുറ്റങ്ങൾ തെളിഞ്ഞതായി കോടതിയ്ക്ക് വ്യക്തമായി. ഇതേ തുടർന്നായിരുന്നു ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതേ കേസിൽ 332ാം വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമേ 10,000 രൂപ പിഴയും ശിക്ഷവിധിച്ചിട്ടുണ്ട്.
നിലവിൽ അബു ഫൈസൽ മാത്രമാണ് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതികളിൽ ജീവനോടെയുള്ളത്. ബാക്കിയുള്ള അഞ്ച് കൂട്ടാളികളും ഭോപ്പാലിലെ ജയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ജയിൽ ചാട്ടത്തിന്റെ മുഖ്യസൂത്രധാരൻ അബുവാണെന്നാണ് കണ്ടെത്തൽ.
Discussion about this post