അയോധ്യ; അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന 22 ന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞു.
നേരത്തെ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഗോവ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചിരുന്നു. ചില സംസ്ഥാനങ്ങൾ ഉച്ചയ്ക്ക് 2.30 വരെയാണ് ഓഫീസുകൾക്കും സ്കൂളുകൾക്കും അവധി നൽകിയത്. അയോദ്ധ്യയിലേക്കുളള രാമന്റെ തിരിച്ചുവരവിന്റെ ആഘോഷങ്ങളിൽ ജനങ്ങൾക്ക് പങ്കെടുക്കാനായിട്ടാണ് അവധി.
ഉത്തർപ്രദേശിലെങ്ങും വലിയ ആഘോഷമാണ് രാംലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി നടക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ യുപിയിൽ മദ്യവിൽപനയും മത്സ്യ, മാംസ വിൽപനയും വിലക്കിയിരുന്നു.
രാംലല്ലയുടെ പ്രതിഷ്ഠാ ദിന പരിപാടികളിൽ പങ്കെടുക്കുന്നതിനും ആഘോഷങ്ങളിൽ ഭാഗമാകുന്നതിനും കേന്ദ്രസർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ ബാങ്കുകൾക്കും 22 ന് ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ധനമന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാൽ സ്വകാര്യ ബാങ്കുകൾ ആർബിഐ കലണ്ടർ പ്രകാരം അന്ന് മുഴുവൻ സമയവും പ്രവർത്തിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Discussion about this post