എറണാകുളം : വീട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പറമ്പിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലാണ് നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ പറമ്പിൽ നിന്നും അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും കൈപ്പത്തിയും അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയിട്ടുള്ളത്. കണ്ണൻകുളങ്ങരയിലെ ശ്രീനിവാസകോവിൽ റോഡിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പറമ്പിൽ നിന്നുമാണ് തൊഴിലാളികൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നുമാസമായി ഈ പറമ്പിൽ വീടിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു പ്ലാസ്റ്റിക് കവറിൽ അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചത്. പുറമേ നിന്ന് കൊണ്ടുവന്ന് തള്ളിയത് ആയിരിക്കും എന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിലെ നിഗമനം.
Discussion about this post