ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിക്കെതിരായ പൊതുതാൽപര്യ ഹർജി മാർച്ച് 21 വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി അതിഭീമമായ സാമ്പത്തിക നഷ്ടങ്ങൾ സർക്കാർ ഖജനാവിന് വരുത്തി വയ്ക്കുന്ന വിധത്തിലുള്ള വാഗ്ദാനങ്ങൾ അടുത്തകാലത്തായി രാഷ്ട്രീയ പാർട്ടികൾ നടത്തി വരുന്ന സാഹചര്യത്തിലാണ് പൊതു താല്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഇത്തരം വാഗ്ദാനങ്ങൾ ഒരു തരത്തിലുള്ള അഴിമതിയാണെന്നും ഇത് ജനാധിപത്യത്തിന്റെ ആത്മാവിനെ ഹനിക്കുന്നതാണെന്നും വ്യക്തമാക്കി കൊണ്ടാണ് പൊതു താല്പര്യ ഹർജി നൽകിയിരിക്കുന്നത്.
ഈ പൊതുതാത്പര്യ ഹർജി വളരെ പ്രധാനപെട്ടതാണെന്നും അതിനാൽ തന്നെ ഞങ്ങൾ ഇത് വ്യാഴാഴ്ച തന്നെ വാദംകേൾക്കാനെടുക്കുമെന്നും , ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച പറഞ്ഞിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹർജിയിൽ വാദം കേൾക്കണമെന്ന അഭിഭാഷകനും പൊതുതാൽപര്യ ഹർജിക്കാരനുമായ അശ്വിനി ഉപാധ്യായയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയുടെ വാദങ്ങൾ സുപ്രീം കോടതി മുഖവിലയ്ക്കെടുക്കുകയായിരിന്നു.
രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് വിജയത്തിനും വലിയ രീതിയിലുള്ള ജനപ്രിയ വാഗ്ദാനങ്ങൾ രാഷ്ട്രീയ നടപടികൾ പൂർണമായും നിരോധിക്കണമെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യം
എന്താണ് പൊതു താല്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നത് ?
തെരഞ്ഞെടുപ്പിന് മുമ്പ് പൊതുഫണ്ടിൽ നിന്ന് യുക്തിരഹിതമായ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് വോട്ടർമാരെ അനാവശ്യമായി സ്വാധീനിക്കുകയും സ്വാഭാവിക നീതിയെ തടസ്സപ്പെടുത്തുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിക്കണമെന്ന് പൊതുതാൽപര്യ ഹർജി സുപ്രീം കോടതിയോട് അപേക്ഷിക്കുന്നു.
തിരഞ്ഞെടുപ്പിനെ മുൻനിർത്തി സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ സമീപകാല പ്രവണത ജനാധിപത്യ മൂല്യങ്ങളുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി മാത്രമല്ല, ഭരണഘടനയുടെ ആത്മാവിനെ ഹനിക്കുന്നതാണെന്നും ഹർജിക്കാരൻ വ്യക്തമാക്കി.
അധികാരത്തിൽ തുടരാൻ ഖജനാവിൻ്റെ ചെലവിൽ വോട്ടർമാർക്ക് കൈക്കൂലി നൽകുന്നത് പോലെയാണ് ഈ അനാശാസ്യ സമ്പ്രദായം എന്നും ജനാധിപത്യ തത്വങ്ങളും സമ്പ്രദായങ്ങളും സംരക്ഷിക്കാൻ അത് ഒഴിവാക്കണമെന്നും ഹർജിക്കാരൻ കൂട്ടിച്ചേർത്തു.
Discussion about this post