എറണാകുളം : വിഷു ചന്ത നടത്താൻ അനുമതി നൽകി ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ റംസാൻ-വിഷു വിപണികൾ നടത്താനായി കൺസ്യൂമർ ഫെഡ് ഹൈക്കോടതിയിൽ നിന്നും അനുമതി തേടിയിരുന്നു. റംസാൻ-വിഷു ചന്തകൾ നടത്താമെന്നും എന്നാൽ അവ സർക്കാരിന്റെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കരുത് എന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
റംസാൻ-വിഷു വിപണന മേളകൾ കൺസ്യൂമർഫെഡിന് നടത്താമെങ്കിലും സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരും. കൺസ്യൂമർഫെഡിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് വിപണന മേളകൾ നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
13 ഭക്ഷ്യസാധനങ്ങള്‍ ആണ് റംസാന്- വിഷു വിപണന മേളകളിലൂടെ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുക. റംസാന്- വിഷു ചന്തകള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയതിനെതിരെ ആണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വിപണനമേളകൾക്ക് അനുമതി നൽകിയെങ്കിലും അവയുടെ നടത്തിപ്പില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post