തിരുവനന്തപുരം: വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും തനിക്ക് ഉപദ്രവം നേരിടേണ്ടി വന്നത് എന്ന് നടി രേവതി സമ്പത്ത്. അത് തുറന്നു പറയാൻ വർഷങ്ങൾ വേണ്ടിവന്നു. തന്റെ ഭയവും മറ്റ് ചിന്തകളും ആയിരുന്നു ഇതിന് കാരണം ആയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുമ്പോൾ അതിയായ സന്തോഷം ഉണ്ടെന്നും രേവതി പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതീക്ഷയുണ്ട്. ഡബ്ല്യുസിസിയുടെ പ്രയത്നമാണ് ഇതിലേക്ക് നയിച്ചത്. അതിന് അഭിനന്ദനങ്ങൾ. സർക്കാർ എങ്ങിനെ പ്രതികരിക്കും എന്നതിനാണ് ഇനി പ്രധാന്യം. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളെല്ലാം വർഷങ്ങളായി സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. പക്ഷെ ആരും തുറന്നുപറയുന്നില്ല.
സിദ്ദിഖിനെതിരെ സംസാരിച്ചതിന് ശരിക്കും ഒറ്റപ്പെട്ടു. കൂട്ടുകാർ പോലും സംസാരിക്കാതെ ആയി. സിനിമകൾ നഷ്ടമായി. ഇനി കേസിനില്ല.നല്ല സിനിമകൾ ചെയ്യണം. വലിയ മാനസിക സംഘർഷത്തിലൂടെയായിരുന്നു താൻ കടന്ന് പോയത്.
സ്ത്രീകളെ ഉപദ്രവിക്കുന്നത് ക്രിമിനലുകളാണ് എന്നാണ് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. അപ്പോൾ താങ്കൾ എന്താണ് ചെയ്തത് എന്നാണ് തിരിച്ച് ചോദിക്കാൻ ഉള്ളത്. താങ്ങൾ ഒരു ജെന്റിൽമാൻ ആണോ?. നേരിട്ട് കണ്ടാലും ഇതൊക്കെ തനിക്ക് ചോദിക്കാൻ ഉണ്ടെന്നും രേവതി കൂട്ടിച്ചേർത്തു.
Discussion about this post