തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതു സ്വന്തം വീടിനുള്ളില്‍ തന്നെയാണെന്ന് വനിതാ കമ്മീഷന് റിപ്പോര്‍ട്ട്.വനിതാ കമ്മിഷനില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ച പരാതികളുടെ കണക്കനുസരിച്ചാണ് ഇത് വ്യക്തമാക്കുന്നത്. പരാതിയില്‍ മുന്നില്‍ തിരുവനന്തപുരം ജില്ലയാണ്. 2288 സ്ത്രീകള്‍ തലസ്ഥാന ജില്ലയില്‍ നിന്നു കമ്മിഷനു മുന്നിലെത്തി. 783 പരാതികളോടെ കോട്ടയം രണ്ടാം സ്ഥാനത്തും 89 പരാതിക്കാരുള്ള കാസര്‍കോട് ഏറ്റവും പിന്നിലുമാണ്.
ആകെ ലഭിച്ച 6621 പരാതികളില്‍ 1805 പരാതികളും കുടുംബ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണ്. ഗാര്‍ഹിക പീഡനവും ഇതില്‍ ഉള്‍പ്പെടും. വസ്തു സംബന്ധമായ 735 പരാതികളും പരസ്യമായി അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി 630 പരാതികളും ലഭിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് 407 സ്ത്രീകളുടെ പരാതി. മാനഭംഗപ്പെടുത്തിയെന്നു ബോധിപ്പിച്ച് 18 പേര് കമ്മിഷനെ സമീപിച്ചപ്പോള്‍ മാനഭംഗ ശ്രമത്തിന് ഒരു പരാതി പോലുമില്ല.
പരാതിക്കണക്കുകള്: തൊഴില്‍ സ്ഥലത്തെ ഉപദ്രവം 328, വഴിത്തര്‍ക്കം 311, അയല്‍ക്കാരുടെ ശല്യം 249, അതിക്രമിച്ചു കടക്കല്‍ 232, പ്രായം ചെന്നവര്‍ 205, പൊലീസിനെതിരെ 189, സ്ത്രീധന പീഡനം 143, മോശമായ സംസാരം 149, മദ്യപിച്ചുള്ള ശല്യം 109, വിവാഹ വാഗ്ദാനം നല്കി പീഡനം 77, ദുരൂഹ മരണം 64, ലൈംഗിക പീഡനം 46, സാമ്പത്തിക സഹായത്തിനായി 45, ഫോണ്‍ ശല്യം 29, വായ്പ തിരിച്ചടവ് 27, ജീവനു ഭീഷണി 21, ഭര്‍ത്താവിന്റെ പീഡനം 10, ലഹള 8, വിവാഹം ബന്ധം വേര്‍പെടുത്തല്‍ 6, ഡിഎന്‍എ ടെസ്റ്റ് 6, തട്ടിക്കൊണ്ടു പോകല്‍ 6, സാമൂഹിക വിരുദ്ധ ശല്യം 5, ഡോക്ടറുടെ അനാസ്ഥ 4, ശൈശവ വിവാഹം 4, ഭ്രൂണഹത്യ 4, മോഷണം 1, ജീവനാംശത്തിനായി 1, മറ്റുള്ളവ 253.
Discussion about this post