തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ 23കാരനായ യുവാവ് കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചും കത്രികകൊണ്ട് കുത്തിയും. ഉമ്മ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. അഞ്ചുപേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. പ്രതി അഫാന്റെ ഉമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആറു പേരെ മൂന്ന് വിടുകളിലായാണ് ഇയാള്‍ അക്രമം നടത്തിയത്. മാതാവും മുത്തശ്ശിയും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയും പെണ്‍സുഹൃത്തിനെയുമാണ് പ്രതി ആക്രമിച്ചത്. മാതാവ് ഷെമിയാണ് ഗുരുതരാവസ്ഥയിലുള്ളത്. പാങ്ങോടുള്ള മുത്തശ്ശി സല്‍മാബീവി (88), സഹോദരന് അഫ്സാന് (14), പിതാവിന്റെ സഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ, ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്.
പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി.
എസ് എന്‍ പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരന് ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വര്‍ണമാല യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു.പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ്.മാതാവ് കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അനിയന് അഫ്സാന്.
Discussion about this post