ലഖ്‌നൗ : മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യാനായി ബ്രസീലിൽ നിന്നും എത്തിയ ശിവ ഭക്തരുടെ സംഘമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മഹാ കുംഭമേളയിലെ അവസാനത്തെ സ്നാനോത്സവമായ മഹാശിവരാത്രിയിൽ, സംഗമത്തിൽ പുണ്യസ്നാനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ബ്രസീലിൽ നിന്നും ഈ സംഘം എത്തിയിട്ടുള്ളത്. ജടയും രുദ്രാക്ഷവും മഹാകാൽ ടാറ്റുവും എല്ലാമായി എത്തിയ ഈ വിദേശ സംഘത്തെ ഏറെ കൗതുകത്തോടെയാണ് മഹാ കുംഭമേളയ്ക്ക് എത്തിയ ജനങ്ങൾ വരവേൽക്കുന്നത്.
ഇരുപത്തിയഞ്ചിലധികം പേരടങ്ങുന്ന ബ്രസീലിയൻ യുവാക്കളുടെ സംഘമാണ് മഹാശിവരാത്രി ദിനത്തിൽ പുണ്യസ്നാനം നടത്താനായി എത്തിയിട്ടുള്ളത്. ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ എന്നീ നഗരങ്ങളിൽ നിന്നുമുള്ളവരാണ് ഈ സംഘത്തിൽ ഉള്ളത്. നിരവധി ശിവക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന ബ്രസീലിയൻ നഗരങ്ങളാണ് റിയോ ഡി ജനീറോയും സാവോ പോളോയും. ഈ യുവാക്കളെല്ലാം വർഷങ്ങളായി ശിവഭക്തിയിൽ മുഴുകിയിരിക്കുകയാണെന്നും ഇത്തവണ മഹാ കുംഭമേളയ്ക്കിടെ ത്രിവേണിയിൽ കുളിക്കാനുള്ള ദൃഢനിശ്ചയത്തോടെയാണ് അവർ എത്തിയിരിക്കുന്നതെന്നും ഗ്രൂപ്പ് കോർഡിനേറ്റർ ഹെൻറിച്ച് മോർ പറഞ്ഞു.
ബ്രസീലിലെ കയാപോ സമൂഹത്തിലെ ആളുകൾ ശരീരത്തിൽ മതചിഹ്നങ്ങൾ പച്ചകുത്തുന്ന പാരമ്പര്യം പിന്തുടരുന്നുണ്ടെന്നും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ ശിവനുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾ ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളതെന്നും ഈ ബ്രസീലിയൻ സംഘം വ്യക്തമാക്കുന്നു. ത്രിശൂലം, ഡമരു, മഹാകാൽ എന്നിങ്ങനെയുള്ളവയാണ് ഇവർ ശരീരത്തിൽ പച്ചകുത്തിയിട്ടുള്ളത്. ഈ ബ്രസീലിയൻ സംഘം പല വർഷങ്ങളിലും മഹാശിവരാത്രി ദിനത്തിൽ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്താനും ഗംഗാ നദിയിൽ പുണ്യസ്നാനം നടത്താനും വാരണാസിയിൽ എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ മഹാകുംഭമേളയുടെ പ്രാധാന്യം കൂടി കണക്കിലെടുത്താണ് മഹാശിവരാത്രി ദിനത്തിൽ പുണ്യ സ്നാനത്തിനായി എത്തിയിരിക്കുന്നത് എന്നും ഇവർ അറിയിച്ചു.
മഹാ കുംഭമേള ഒരു മതപരമായ പരിപാടി മാത്രമല്ല, ജീവിതത്തെ ആത്മീയമായി സമ്പന്നമാക്കാനുള്ള വിലപ്പെട്ട അവസരം കൂടിയാണെന്ന് ഹെൻറിച്ച് മോർ അഭിപ്രായപ്പെട്ടു. ഈ അതുല്യമായ അനുഭവം ജീവിതത്തിലേക്ക് പുതിയ ഊർജ്ജം കൊണ്ടുവന്നു. മഹാശിവരാത്രി ദിനത്തിൽ സംഗമത്തിൽ കുളിച്ചാൽ ആത്മീയ സമാധാനവും മോക്ഷവും ലഭിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായും ബ്രസീലിയൻ ശിവഭക്ത സംഘം വ്യക്തമാക്കി.
Discussion about this post