ഭോപ്പാൽ : മധ്യപ്രദേശിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടി-2025 ന് പരിസമാപ്തിയായി. രണ്ടുദിവസങ്ങളിലായി നടന്ന ഉച്ചകോടിയിലൂടെ വമ്പൻ നിക്ഷേപ പദ്ധതികൾ ആണ് സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്നത്. നിക്ഷേപക ഉച്ചകോടിയുടെ സമാപന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. 2027-ൽ ഇന്ത്യ ലോകത്തിലെ വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് അമിത് ഷാ ചടങ്ങിൽ വ്യക്തമാക്കി.
30.77 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകൾ ആണ് മധ്യപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ നേടിയത്. ഭോപ്പാലിൽ രണ്ടുദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ പരിപാടിയിൽ, ഇരുനൂറിലധികം ഇന്ത്യൻ കമ്പനികൾ, ഇരുനൂറിലധികം ആഗോള സിഇഒമാർ, ഇരുപതിലധികം യൂണികോൺ സ്ഥാപകർ, അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു. ഗൗതം അദാനി അടക്കമുള്ള വ്യവസായികൾ വമ്പൻ നിക്ഷേപ പദ്ധതികൾ ആണ് മധ്യപ്രദേശിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം നിർവഹിച്ചത്.
2027 ഓടെ ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ മധ്യപ്രദേശ് വലിയ പങ്ക് വഹിക്കുമെന്ന് അമിത് ഷാ സമാപന ചടങ്ങിൽ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള നിക്ഷേപക ഉച്ചകോടി നടത്തിപ്പിലൂടെ സാധിച്ചു. മധ്യപ്രദേശിന്റെ വ്യാവസായിക സൗഹൃദ അന്തരീക്ഷവും ബിസിനസ്സിനും നിക്ഷേപത്തിനുമുള്ള സാധ്യതകളും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ഉച്ചകോടി മാറിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അഭിപ്രായപ്പെട്ടു.
Discussion about this post