ഗുവാഹത്തി: അഫ്സ്പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷം നടത്തിയ നിരാഹാരം സമരം അവസാനിപ്പിക്കുകയും രാഷ്ട്രീയ പ്രവര്ത്തനത്തിലേയ്ക്കിറങ്ങാന് തീരുമാനിക്കുകയും ചെയ്ത ഇറോം ഷര്‍മ്മിളയ്ക്ക് മണിപ്പൂരിലെ തീവ്രവാദികളുടെ ഭീഷണി. രാഷ്ട്രീയ പ്രവേശനത്തിനുള്ള തീരുമാനവും മണിപ്പൂരിന് പുറത്തുനിന്നുള്ള കാമുകനെ വിവാഹം കഴിക്കാനുള്ള തീരുമാനത്തിലുമാണ് തീവ്രവാദ സ്വഭാവമുള്ള കാംഗ്ലിപാക് എന്ന സംഘടനയുടെ മുന്നറിയിപ്പ്. മണിപ്പൂരിന്റെ പ്രാചീനമായ പേരാണ് കാംഗ്ലിപാക്.
പോരാട്ടം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയ മുന്‍ നേതാക്കളില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാംഗ്ലിപാക് മുന്നറിയിപ്പ് നല്കുന്നു. എ.എസ്.യു.കെ, കാംഗ്ലി യവോല്‍ കന്ന ലൂപ്, കാംഗ്ലിപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ സംഘടനകളും ശര്‍മ്മിളയോട് നിരാഹാരം തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് വംശജനായ ഗോവ സ്വദേശി ഡെസ്മണ്ട് കോട്ടിനോയുമായി ദീര്‍ഘകാലമായി ശര്‍മ്മിള പ്രണയത്തിലാണ്. സാമൂഹ്യ പ്രവര്‍ത്തകനാണ് ഡെസ്മണ്ട് കോട്ടിനോ. ബ്രിട്ടിഷ് വംശജന് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗരനാണ് കോട്ടിനോ എന്നതാണ് തീവ്ര സംഘടനകളുടേയും ശര്‍മ്മിളയുടെ തന്നെ ചില ബന്ധുക്കളുടേയും എതിര്‍പ്പിന് കാരണം.
ഇവര്‍ മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി തന്നെ അംഗീകരിക്കുന്നില്ല. ഇന്ത്യയോട് ശക്തമായ എതിര്‍പ്പും വച്ച് പുലര്‍ത്തുന്നു. അതുകൊണ്ട് മണിപ്പൂരിന് പുറത്തുള്ള ‘ഇന്ത്യക്കാരു’മായി മണിപ്പൂരുകാര്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. ശര്‍മ്മിള ഇന്ത്യന്‍ പൗരനെ പ്രേമിച്ചതും വിവാഹം കഴിക്കാനൊരുങ്ങുന്നതും അഫ്സ്പ വിരുദ്ധ സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എ.എസ്.യു.കെയുടെ ആരോപണം. മണിപ്പൂരില്‍ ഇന്ത്യന്‍ സാമ്രാജ്യത്വത്തെ നിലനിര്‍ത്താനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് കാംഗ്ലിപാക്കുകള് ആരോപിക്കുന്നു.
Discussion about this post