ഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില് അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ സംസ്ഥാന മന്ത്രി അസം ഖാന്റെ പരാമര്‍ശം അധിക്ഷേപാര്‍ഹവും അസംബന്ധവുമാണെന്ന് സുപ്രീം കോടതി. അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും ദേശീയപാതയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായത് ‘രാഷ്ട്രീയ ഗൂഢാലോചന’യാണെന്നാണ് അസം ഖാന്റെ പരാമര്‍ശം. നിന്ദ്യമായ പരാമര്‍ശം മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും കേസെടുക്കാത്തതെന്തെന്നും കോടതി ചോദിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനും മന്ത്രിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. അധിക്ഷേപകരമായ പരാമര്‍ശം അസം ഖാന്റെ ഭാഗത്തു നിന്നുണ്ടായിട്ടും കേസെടുക്കാത്തത് എന്തായിരുന്നുവെന്ന് ചോദിച്ചാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചത്. ക്രിമിനല്‍ നടപടി ക്രമങ്ങള്‍ ആരംഭിക്കാതിരുന്നതിന്റെ വിശദീകരണം ആവശ്യപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പരമോന്നത നീതിപീഠം നോട്ടീസയച്ചത്.
ഇത്തരത്തിലുള്ള പരാമര്‍ശങ്ങളെ ആശയപ്രകടനത്തിനുള്ള മൗലിക അവകാശമായി കാണാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. സമാജ്വാദി പാര്‍ട്ടി മന്ത്രിയുടെ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദേശീയപാതയില്‍ എട്ടോളം പേരടങ്ങുന്ന സംഘത്തിന്റെ ക്രൂരമായ അതിക്രമത്തിന് ഇരയായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും രാഷ്ട്രീയ ഗൂഢാലോചനക്ക് ഇരയാകുന്നുവെന്നാണ് അസം ഖാന് ആരോപിച്ചത്. പ്രതിപക്ഷ പാര്‍ട്ടിയാണ് കൂട്ടബലാല്‍സംഗത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അസം ഖാന്റെ ശ്രമം. അധികാരം കിട്ടാനായി ഏതറ്റം വരെ താഴാനും ആളുകള്‍ തയ്യാറാവുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിരീക്ഷിക്കേണ്ട സമയമാണിതെന്നും അസം ഖാന് പറഞ്ഞിരുന്നു.
ആഗസ്തില്‍ ഡല്‍ഹിയിലേക്കുള്ള എന്‍എച്ച്91-ല്‍ വെച്ചാണ് ഒരു സംഘം കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തെ ആക്രമിച്ച് കവരുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും ചെയ്തത്. 34 വയസുകാരിയും 13 വയസുകാരിയായ മകളും മണിക്കൂറുകളോളം റോഡരികില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനുണ്ടായിരുന്നിട്ടും ആരും സഹായത്തിനെത്താത്തത് ഉത്തര്‍പ്രദേശില്‍ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഖിലേഷ് യാദവ് സര്‍ക്കാര്‍ രാജിവെച്ച് പുറത്തു പോകണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അസം ഖാന്റെ ‘രാഷ്ട്രീയ ഗൂഢാലോചന’ പരാമര്‍ശം.
Discussion about this post