ഡല്‍ഹി: സൗമ്യവധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്മാന് മാര്‍ക്കണ്ഡേയ കട്ജു. ഹര്‍ജി പുനപരിശോധിക്കുന്ന നവംബര്‍ 11നാണ് കട്ജു കോടതിയിലെത്തുന്നത്. സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന് പരാമര്‍ശിച്ച കട്ജുവിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കട്ജു രംഗത്ത് വന്നിരുന്നത്.
കട്ജുവിന്റെ പരാമര്‍ത്തില്‍ അദ്ദേഹം നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചിരുന്നു. ഇത് ആദ്യമായാണ് ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാ നിയമം 300 വകുപ്പ് പരിശോധിക്കാത്തതിനാലാണ് കോടതിക്ക് തെറ്റു പറ്റിയത്. നാല് ഭാഗങ്ങളായാണ് ഇതില്‍ കൊലക്കുറ്റത്തെ നിര്‍വചിക്കുന്നത്. ഇതില്‍ ആദ്യത്തേത് മാത്രമാണ് കൊല നടത്താനുള്ള ഉദ്ദേശത്തെകുറിച്ച് പറയുന്നത്. കൊല നടത്താന്‍ ഉദ്ദേശമില്ലെങ്കിലും ശേഷിക്കുന്ന മൂന്നെണ്ണം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ കൊല്ലക്കുറ്റം ചുമത്താനാകുമെന്നും കട്ജു പറഞ്ഞു.
ട്രെയിനില്‍വെച്ചു തന്നെ ഗോവിന്ദച്ചാമി സൗമ്യയുടെ തല ചുമരില്‍ ഇടിക്കുകയായിരുന്നു. ഇത് മരണത്തിലേക്ക് നയിക്കാവുന്ന കാരണമാണ്. സൗമ്യ ട്രെയിനില്‍ നിന്ന് താഴേക്ക് ചാടുന്നത് കണ്ടു എന്ന് ഒരു മധ്യവയസ്കന് പറഞ്ഞെന്നാണ് കേസിലെ നാലും നാല്പതും സാക്ഷികള്‍ പറഞ്ഞത്. ഇത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള സാക്ഷിമൊഴിയാണ്. ഇത് തെളിവായി കണക്കാക്കാന്‍ പറ്റില്ല. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നതിന് താന്‍ എതിരാണെന്നും എന്നാല്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങളില്‍ വധശിക്ഷ തന്നെ വേണമെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.
Discussion about this post