ഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീം കോടതി നിര്ദേശിച്ചമനുസരിച്ച് വെള്ളിയാഴ്ച കോടതിയിലെത്തുമെന്ന് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജു. വിധി പുനഃപരിശോധിക്കുന്നതില്‍ ഈഗോ പാടില്ലെന്നും തെറ്റുപറ്റിയാല്‍ തിരുത്താന്‍ ജഡ്ജിമാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടിനാണ് കട്ജു കോടതിയില്‍ ഹാജരാകുക.
സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയില്‍നിന്നുണ്ടായിട്ടുള്ള വിധിയില്‍ പിഴവുകളുണ്ടെന്ന തന്റെ മുന്‍ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കാന്‍ കോടതി തയറാകണം. കേസ് വിശാല ബഞ്ചിന്റെ പരിഗണനയ്ക്കു വിടണം. ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റീസ് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കട്ജു പറഞ്ഞു.
സൗമ്യ വധക്കേസിലെ ഉത്തരവിനെതിരേ ഫേസ്ബുക്കില്‍ ഇട്ട വിമര്‍ശനക്കുറിപ്പ് പുനഃപരിശോധനാഹര്‍ജിയായി പരിഗണിച്ച് സുപ്രീം കോടതി, വിമര്‍ശനം സംബന്ധിച്ച വാദങ്ങള്‍ ഉന്നയിക്കുന്നതിനായി കോടതിയില്‍ ഹാജരാകാന്‍ അഭ്യര്‍ഥിച്ച് ജസ്റ്റീസ് കട്ജുവിനു നോട്ടീസ് അയച്ചിരുന്നു. സുപ്രീംകോടതി നോട്ടീസ് കിട്ടിയപ്പോഴാണ് തന്നെ അപമാനിക്കുകയല്ല ലക്ഷ്യമെന്നു മനസിലായത്. കേസ് പുനഃപരിശോധിക്കാന്‍ തന്റെ സഹായം അഭ്യര്‍ഥിക്കുകയാണു ചെയ്തത്. അതോടെയാണ് നവംബര്‍ 11ന് ഹാജരാകാന്‍ തീരുമാനിച്ചതെന്നും കട്ജു വ്യക്തമാക്കി.
Discussion about this post