ഡല്‍ഹി: നോട്ട് അസാധുവാക്കലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതു മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളുടെ ധര്‍ണ ഡല്‍ഹി ജന്തര്‍മന്തറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
മുന്‍കരുതല്‍ ഇല്ലാത്ത പ്രഖ്യാപനം രാജ്യത്തെ നാശത്തിലേക്കാണു നയിക്കുന്നത്. ദേശീയ ദുരന്തമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കാകെ മാതൃകയായ സഹകരണ സംഘങ്ങളെ ഇതു തകര്‍ക്കുമെന്നും ആന്റണി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ തെറ്റു തിരുത്താതെ സമരം അവസാനിപ്പിക്കില്ലെന്നും ഇന്ത്യയിലെ 17 പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ചു സമരം നടത്തുമെന്നും ആന്റണി വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ വലിയ കുഭകോണത്തിനാണു വഴിതെളിച്ചിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, എന്‍.കെ.പ്രേമചന്ദ്രന് തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുത്തു.
അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി ധര്‍ണയില്‍ പങ്കെടുത്തില്ല.
Discussion about this post