കണ്ണൂർ: തില്ലങ്കേരിയിൽ മാദ്ധ്യമ പ്രവർത്തകരെ നീചന്മാരും നികൃഷ്ട ജീവികളുമെന്ന് വിളിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം എം. ഷാജർ. മാദ്ധ്യമ പ്രവർത്തകർ നീചന്മാരും നികൃഷ്ടജീവികളുമാണ്. കണ്ണൂരിലെ ഏഷ്യാനെറ്റിന്റെ മാദ്ധ്യമ പ്രവർത്തകൻ കൊടും ക്രിമിനലാണെന്നും ഷാജർ തില്ലങ്കേരിയിൽ നടന്ന സിപിഎം പൊതുയോഗത്തിൽ വ്യക്തമാക്കി. ഇത്തരം മാദ്ധ്യമ പ്രവർത്തകരെ മാതൃകയാക്കരുതെന്നും ഷാജർ ചൂണ്ടിക്കാട്ടി.
കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജനും മുൻ ജില്ല സെക്രട്ടറി പി. ജയരാജനും ആകാശിനും കൂട്ടർക്കുമെതിരെ മൃദുവായി വിമർശനം നടത്തിയപ്പോൾ ആക്രമണമേറ്റെടുത്തതും ഷാജറാണ്. ആകാശിനേയും കൂട്ടരേയും പാർട്ടിക്ക് ആവശ്യമില്ല. ഫേസ്ബുക്കിൽ പാർട്ടിക്കൊപ്പമെന്ന് എഴുതേണ്ട. പാർട്ടിക്കൊപ്പമുള്ള ഏതെങ്കിലും സഖാക്കൾക്കെതിരെ സംസാരിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ ഈ പ്രസ്ഥാനം എന്താണെന്ന് ആകാശും കൂട്ടരും അറിയുമെന്നും ഷാജർ മുന്നറിയിപ്പ് നൽകി.
രക്തസാക്ഷിയായ ബിജൂട്ടിയുടെ കുടുംബാംഗങ്ങളെ അവഹേളിച്ചവരാണ് ആകാശും കൂട്ടരും. അത്തരം കാര്യങ്ങൾ ചെയ്തവർ ആർ.എസ്.എസിനേക്കാൾ വലിയ ശത്രുക്കളാണ്. ഈ കാലത്ത് ഈ കൂട്ടരാണ് പാർട്ടിയുടെ ശത്രുക്കൾ. ശത്രുക്കളെ കാണേണ്ട പോലെ കണ്ട് പ്രതിരോധിക്കുമെന്നും ഷാജർ മുന്നറിയിപ്പ് നൽകി. തില്ലങ്കേരിയെ തിരുട്ട് ഗ്രാമത്തെ പോലെ മോശമായി ജനങ്ങൾക്ക് മുന്നിൽ എത്തിച്ചവരാണ് ആകാശും കൂട്ടരും. അവന്മാരുടെ പേരിൽ തില്ലങ്കേരി അറിയപ്പെടാൻ അനുവദിക്കില്ലെന്നും ഷാജർ വ്യക്തമാക്കി.
ക്രിക്കറ്റ് മത്സരത്തിൽ ജയിച്ച ടീം ക്യാപ്ടൻ എന്ന നിലയിൽ ആകാശ് തില്ലങ്കേരിക്ക് ഷാജർ ട്രോഫി സമ്മാനിച്ചത് ഏറെ വിവാദമായിരുന്നു. ഇത് ഷാജറിനെ കുടുക്കിലാക്കാൻ മന:പൂർവ്വം ചെയ്തതാണെന്ന വാദങ്ങൾ ഉയർന്നിരുന്നു. ഇതിന് തെളിവായി സ്ക്രീൻ ഷോട്ടുകളും പുറത്തുവന്നു. തുടർന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഇരു സംഘങ്ങളും തമ്മിൽ ശക്തമായ വാക്കേറ്റവും തെറിവിളികളും നടന്നത്.
കണ്ണൂരിൽ അപ്രസക്തനായിക്കൊണ്ടിരിക്കുന്ന പി. ജയരാജനെ അനുകൂലിക്കുന്ന സംഘമാണ് ആകാശിനൊപ്പമുള്ളത്. പിജെ ആർമിയെന്ന പേരിൽ ജയരാജനു വേണ്ടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതികരിച്ചതും ഇവരായിരുന്നു. ജയരാജനെ ഒതുക്കുന്നതിലെ അമർഷമായിരുന്നു ഇവർ പ്രകടിപ്പിച്ചിരുന്നത്. പാർട്ടിക്ക് വേണ്ടി കൊലപാതകം ചെയ്തവർ വഴിയാധാരമാവുകയും പെട്ടിപിടുത്തക്കാർ സഹകരണ ബാങ്കിൽ ജോലി നേടുകയുമാണ് സംഭവിക്കുന്നതെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് തില്ലങ്കേരിയിൽ വിശദീകരണ യോഗം വിളിക്കാൻ സിപിഎം തീരുമാനിച്ചതും. പി ജയരാജനെ തന്നെ പങ്കെടുപ്പിച്ചതും. എന്നാൽ പി. ജയരാജൻ ആകാശിനേയും സംഘത്തേയും ശക്തമായി വിമർശിച്ചില്ല. തുടർന്നാണ് പ്രസംഗിക്കാനെത്തിയ ഷാജർ രൂക്ഷമായ വിമർശനം അഴിച്ചു വിട്ടത്.
Leave a Comment