
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ചോര്‍ച്ച നടന്നതായി സമ്മതിച്ച് ഇടത് സര്‍ക്കാര്‍. സംഭവത്തില്‍ ധനമന്ത്രിയുടെ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെ പുറത്താക്കി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും മാധ്യമവിഭാഗം ചുമതലയുമുണ്ടായിരുന്ന മനോജ് കെ. പുതിയവിളയ്ക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബജറ്റ് പ്രസംഗം തീരുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് വാട്സ് ആപ്പ്, ഇ മെയില്‍ എന്നീ നവമാധ്യമങ്ങളിലൂടെ ഇയാള്‍ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് മനോജ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെത്തിയത്. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയതില്‍ ഗുരുതരമായ ജാഗ്രതക്കുറവ് ഉണ്ടായിയെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് നടപടി.
ബജറ്റ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ സിപിഐഎമ്മും ഇതിനെക്കുറിച്ച് പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു.
ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ധനമന്ത്രിയുടെ സ്റ്റാഫിനെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
അതേസമയം ബജറ്റ് ചേര്‍ന്ന സാഹചര്യത്തില്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു.
സംഭവം നിസാരവത്കരിക്കാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതീവ ഗൗരവതരമായ കുറ്റമാണ് മന്ത്രിയില്‍ നിന്നുണ്ടായത്. ബജറ്റിന്റെ എല്ലാ ശുദ്ധിയും നഷ്ടപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തോമസ് ഐസക് രാജിവച്ച് പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post