മൂന്നാര്‍: മൂന്നാറിലെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സി ആര് ചൗധരി. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ആരു നടത്തിയാലും നടപടി വേണമെന്ന് സി ആര് ചൗധരി പറഞ്ഞു. പ്രധാന മന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും മൂന്നാര്‍ കയ്യേറ്റ വിവരങ്ങള്‍ അറിയിക്കും. സംസ്ഥാനസര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളുടെ പരാതി പരിഗണിച്ച് മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്തിരപുരം, പള്ളിവാസല്‍, ഇക്കാനഗര്‍ എന്നീ സ്ഥലങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രമന്ത്രി മൂന്നാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
മൂന്നാര്‍ കയ്യേറ്റത്തില്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് കാണിച്ച് പതിനൊന്നിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. മൂന്നാറില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപി പതിനാറിന് മൂന്നാറില്‍ ഉപവസിക്കും.
Discussion about this post