തൊടുപുഴ: മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി കയ്യേറ്റങ്ങളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ചിന്നക്കനാല്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ ഇന്നുമുതല്‍ ഒഴിപ്പിച്ചേക്കും. അവധിയിലായിരുന്ന ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാം ഇന്നു തിരിച്ചെത്തി റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷം ചിന്നക്കനാലിലെ പട്ടിക തയാറാക്കി ഒഴിപ്പിക്കല്‍ തുടങ്ങും. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പാത്തിച്ചോലയില്‍ ഒരു സംഘടന കയ്യേറിയ സ്ഥലവും ഇന്ന് ഒഴിപ്പിച്ചേക്കും.
സിപിഎം പ്രാദേശിക നേതാവിന്റെ കയ്യേറ്റങ്ങളാണ് ഇവിടെ ഭൂരിഭാഗവും എന്നതാണു ചിന്നക്കനാലിന്റ പ്രത്യേകത. ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ചു റവന്യു വകുപ്പ് വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. മൂന്നാറിലെ സ്വകാര്യ കമ്പനി കഴിഞ്ഞാല്‍ ഏറ്റവും വലിയ കയ്യേറ്റങ്ങള്‍ നടത്തിയിട്ടുള്ളതും സിപിഎമ്മിന്റെ ചിന്നക്കനാലിലെ പ്രാദേശിക നേതാവാണെന്നു ചൂണ്ടിക്കാട്ടി മുന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിങ് ഹൈക്കോടതിയില്‍ നേരത്തെ റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നേതാവിന്റേതുള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന് അന്നു തുടര്‍നടപടികളുണ്ടായില്ല. ചിന്നക്കനാല്‍ മേഖലയില്‍ കയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഈ നേതാവാണു ഭൂമികയ്യേറ്റത്തിന്റെ മുഖ്യ സൂത്രധാരനെന്നു തെളിവുസഹിതം ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് കോടതിയിലും സര്‍ക്കാരിലും പലതവണ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കിലും ഫയലുകള്‍ പൂഴ്ത്തി. കൂടാതെ സംസ്ഥാനത്തെ സിപിഎമ്മിന്റെ പ്രമുഖനായ നേതാവിന്റെ സഹോദരനും ഇവിടെ ബെനാമി പേരില്‍ ഏക്കര്‍കണക്കിനു ഭൂമിയുണ്ടായിരുന്നു. പിന്നീടതു വില്‍ക്കുകയായിരുന്നു.
സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട ഇടമായ ചിന്നക്കനാലില്‍, വന്‍കിട കയ്യേറ്റങ്ങള്‍ നടന്നതിന്റെ മുഴുവന്‍ തെളിവുകളും റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും കുടിയൊഴിപ്പിക്കല്‍ നടപടികള്‍ പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു. സെന്റിനു ലക്ഷങ്ങള്‍ വിലമതിക്കുന്ന ചിന്നക്കനാല്‍ മേഖലയിലെ ഏക്കര്‍കണക്കിനു ഭൂമിയാണു വന്‍കിടക്കാര്‍ കയ്യേറിയത്. വില്ലേജ് ഓഫിസിലെ തണ്ടപ്പേര് റജിസ്റ്റര്‍ നശിപ്പിച്ചതിനു പിന്നിലെ ദുരൂഹതയും നിലനില്ക്കുന്നു. ആനയിറങ്കല്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലടക്കം ഏക്കര്‍കണക്കിനു സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടിട്ടുള്ളതായി അധികൃതര്‍ക്കു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം, ദേവികുളത്തു കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള ദേവികുളം സബ് കലക്ടറുടെ റിപ്പോര്‍ട്ട്, ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍ റവന്യു മന്ത്രിക്കു കൈമാറി.
Discussion about this post