കൊല്ലം: രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാര് എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്ര മോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്റെ അരിവാള്‍ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങള്‍ പിടിച്ചു കെട്ടുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒക്ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളന്റിയര്‍ പരേഡും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യച്ചൂരി.
യുപി തിരഞ്ഞെടുപ്പിനു ശേഷം മോദി സ്വപ്നലോകത്താണ്. യുപിയില്‍ നടപ്പാക്കിയ അജന്‍ഡ ഇന്ത്യയാകെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കേണ്ടെന്നും യച്ചൂരി പറഞ്ഞു. ആര്‍എസ്എസ് ബിജെപി ഫാസിസ്റ്റ് ശക്തികള്‍ക്കു കോണ്‍ഗ്രസിനെ ഭയമില്ല. പാര്‍ലമെന്റിലുള്ള ബിജെപിയുടെ പകുതിയോളം അംഗങ്ങള്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. ബിജെപിയെ എതിര്‍ക്കുന്നതു ഇടതുപക്ഷ ശക്തികളായതു കൊണ്ടാണ് സിപിഎമ്മിനെതിരെ അവര്‍ അക്രമം അഴിച്ചു വിടുന്നത്. ബിജെപി സ്വകാര്യ സേന രൂപീകരിച്ചു രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യച്ചൂരി പറഞ്ഞു.
ദലിതര്‍ക്കും ന്യൂനപക്ഷത്തിനും നേരെ വ്യാപകമായി അവര്‍ അക്രമം നടത്തുന്നു. സദാചാര ഗുണ്ടകളും റോമിയോ സേനയുമൊക്കെ സ്വകാര്യ സേനകയുടെ ഭാഗമാണെന്നും യച്ചൂരി ചൂണ്ടിക്കാട്ടി. നാലു മുഖമുള്ള വ്യാളിയെപ്പോലെ ബഹുമുഖ ആക്രമണമാണ് ബിജെപി നടത്തുന്നത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന സാമ്പത്തിക നയം, അമേരിക്കയുടെ ഇംഗിതത്തിനുസരിച്ചുള്ള വിദേശ നയം, പാര്‍ലമെന്റിനെ പോലും പരിഗണിക്കാത്ത ഏകാധിപത്യ സ്വഭാവം, വര്‍ഗീയത എന്നിവയാണ് ബിജെപിയുടെ മുഖങ്ങള്‍. ബിജെപിയുടെ അജന്‍ഡയ്ക്കെതിരെ പുരോഗമന ഇടതുപക്ഷ ശക്തികള്‍ ഒരുമിച്ചു പോരാടണം. സോവിയറ്റ് യൂണിയന് തകര്‍ന്നത് ആശയത്തിന്റെ പോരായ്മ കൊണ്ടല്ല, സോഷ്യലിസം നടപ്പാക്കിയതിലെ പാളിച്ച കൊണ്ടാണെന്നും യച്ചൂരി അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ശബ്ദം ആര്‍എസ്എസുകാര്‍ ഭയക്കുന്നതു കൊണ്ടാണ് സീതാറാം യച്ചൂരിയും പിണറായി വിജയനും പ്രസംഗിക്കുന്നതു തടയാന്‍ അവര്‍ ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ എത്താതിരിക്കാനാണ് സര്‍ക്കാരിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഒരു രാഷ്ട്രം, ഒരു സംസ്കാരം, ഒരു പാര്‍ട്ടി എന്ന പുതിയ മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഒരു രാഷ്ട്രം, ഒരു നികുതി എന്ന ജിഎസ്ടി കൊണ്ടുവന്നത് ഇതിന്റെ ഭാഗമാണ്. കേരളവും ത്രിപുരയും പശ്ചിമ ബംഗാളും കൂടി ബിജെപി ഭരണത്തിലാക്കാനാണ് ശ്രമം. എങ്കില്‍ മാത്രമേ അവരുടെ അജന്‍ഡ നടപ്പാക്കാന്‍ കഴിയൂ. ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും കോടിയേരി വ്യക്തമാക്കി.
Discussion about this post