തിരുവനന്തപുരം: ദിലീപ് ഈ സര്‍ക്കാരിന്റെ ഐശ്വര്യമാണെന്ന് എഴുതി വയ്ക്കണമെന്ന് മുന്‍മന്ത്രി അനൂപ് ജേക്കബ്. ദിലീപ് വിഷയം വന്നതോടെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിട്ട് സര്‍ക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും അനൂപ് ജേക്കബ് നിയമസഭയില്‍ പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ക്രമക്കേട് നടത്തുന്നുവെന്നും അനൂപ് ജേക്കബ് നിയമസഭയില്‍ ആരോപിച്ചു. സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്കി സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്.
സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം പാസാക്കുന്നതില്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന് മറുപടി നല്കി. മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ ആറു മാസം സാവകാശം തേടിയെങ്കിലും കേന്ദ്രം നല്‍കിയില്ലെന്ന് തിലോത്തമന് പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കും. അര്‍ഹരെ ഉള്‍പ്പെടുത്തണമെന്നും നിയമസഭയില്‍ അറിയിച്ചു.
അഞ്ചരലക്ഷം പരാതികള്‍ സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്. അവ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 143693 കാര്‍ഡ് ഉടമകള്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 43396 കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
എന്നാല്‍ 17 ലക്ഷം പരാതികള്‍ ലഭിച്ചതായും പരാതി പരിഹരിക്കാതെ കാര്‍ഡ് പ്രിന്റു ചെയ്തു കൊടുക്കുകയായിരുന്നുവെന്നും അനൂപ് ജേക്കബ് വിമര്‍ശിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Discussion about this post