ഭോപ്പാല്‍: പള്ളിയിലും അമ്പലങ്ങളിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം ഉയരുന്നതിനിടെ അമ്പലത്തിലേക്ക് ഉച്ചഭാഷിണി സംഭാവന നല്കി ജില്ലാ വഖഫ് കമ്മിറ്റി പ്രസിഡന്റ് സെയ്ദ് ഖാന്. മദ്ധ്യപ്രദേശിലെ ഹര്ധാ ജില്ലയിലെ ഹനുമാന് ക്ഷേത്രത്തില്‍ നിന്നാണ് ഹിന്ദു മുസ്ലിം ഐക്യത്തിന്റെ വാര്‍ത്ത വരുന്നത്.
ക്ഷേത്രത്തിലെ ഉച്ചഭാഷിണി കഴിഞ്ഞ ദിവസം കളവു പോയിരുന്നു. ക്ഷേത്രത്തിന് മുന്നിലൂടെ പോവുകയായിരുന്ന സെയദ് അമ്പലത്തില്‍ നിന്നുള്ള ഭക്തിഗാനം കേള്‍ക്കാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുകയായിരുന്നു. സംഭവത്തെ പറ്റി ക്ഷേത്രം അധികൃതരോട് സംസാരിച്ച ശേഷമായിരുന്നു പുതിയ ഉച്ചഭാഷിണി നല്കാന് തീരുമാനിച്ചത്.
‘പള്ളിയിലും അമ്പലത്തിലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിനെതിരെ പലരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇത് ഇന്ത്യയാണ്, ജനങ്ങള്‍ ഇതിനെ ഒരിക്കലും എതിര്‍ക്കില്ല’, സെയ്ദ് ഖാന് പറഞ്ഞു. ഈ മാസമാദ്യം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പശുവിന്റെ ജഡം ആദരണീയമായ രീതിയില്‍ അടക്കം ചെയ്തിരുന്നു.
Discussion about this post