കൊച്ചി: അര്‍ബുദ രോഗ ചികിത്സയ്ക്കെത്തിയ ഒമ്പതു വയസുകാരിക്ക് എച്ച്.ഐ.വി ബാധയേറ്റ സംഭവത്തില്‍ സര്‍ക്കാരിനും തിരുവനന്തപുരത്തെ ആര്.സി.സിക്കും ഹൈക്കോടതി നോട്ടീസ്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നര്പടി.
ആര്.സി.സി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം മകളുടെ ജീവന് അപകടത്തിലാണെന്നും ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടി വേണമെന്നും ഹര്‍ജിയില്‍ പറയുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് രക്താര്‍ബുദ ചികിത്സയ്ക്കായി ആര്.സി.സിയില്‍ എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ കുട്ടിയ്ക്ക് എച്ച്.ഐ.വി ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
ആര്.സി.സിയില്‍ തുടര്‍ന്നുള്ള ചികിത്സയിലൂടെയായിരുന്നു കുട്ടിയെ എച്ച്.ഐ. വി ബാധിതയാക്കിയത്. ഇത് അധികൃതരുടെ അനാസ്ഥയാണെന്നും ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പിതാവ് നല്കിയ ഹര്‍ജിയില്‍ പറയുന്നു.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അടിയന്തര നടപടിക്ക് നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ ചില അന്വേഷണ സമിതികള്‍ക്ക് രൂപം നല്കിയതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിയിലുണ്ട്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡി.ജി.പിയോടു നിര്‍ദ്ദേശിക്കണം, വന്‍ തുക ചെലവു വരുന്ന ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.
Discussion about this post