കോഴിക്കോട്: എന്‍ഡിഎയില്‍ നിന്ന് ബിഡിജെഎസ് പുറത്തേക്കെന്ന സൂചന നല്കി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം ബിഡിജെഎസിന്റെ അടിത്തറ തകര്‍ന്നെന്നും ഏതെങ്കിലും മുന്നണിയില്‍ നില്‍ക്കുമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബോര്‍ഡ്, കോര്പ്പറേഷന് ഭാരവാഹിത്വം സംബന്ധിച്ച് ബിഡിജെഎസ്സിന്റെ ആവശ്യങ്ങളോട് ബിജെപിയില്‍ നിന്ന ഇതുവരെ അനുകൂല പ്രതികരണമുണ്ടായിട്ടില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി രണ്ട് മാസം മുമ്പ് തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിഡിജെഎസ് അന്ന് ഉയർത്തിയ പരാതികളില്‍ പരിഹാരം ഉണ്ടാവുമെന്ന ഉറപ്പ അമിത് ഷാ നല്‍കിയിരുന്നെങ്കിലും രണ്ട് മാസം പിന്നിട്ടും വാഗ്ദാനം നടപ്പിലായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുന്നണി മാറ്റ സൂചന നൽകിക്കൊണ്ട് തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിച്ചത്.
‘അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ല, എൻഡിഎയുടെ പ്രവർത്തന രീതികളോട് യോജിക്കാനാവുന്നില്ല’. രാഷ്ട്രീയത്തില്‍ ഇന്നയാളുമായി സ്ഥിരമായി ഒത്തുപോകുമെന്ന് ഞങ്ങള്‍ ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മനസ്സാക്ഷി വോട്ട് ചെയ്യാൻ സമുദായാംഗങ്ങൾക്ക് വെള്ളാപ്പള്ളി നടേശൻ നൽകിയ ഉപദേശം മുന്നണി മാറ്റത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു.
Discussion about this post