തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ വിശദീകരണം തേടി ഗവര്‍ണര്‍. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതായാണ് സൂചന. ബോര്‍ഡിന്റെ മൂന്നു വര്‍ഷത്തെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതിനായിരുന്നു ഓര്‍ഡിനന്‍സ്. പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ശബരിമല വിഷയത്തില്‍ ഉറച്ചനിലപാടെടുത്തതിന്റെ പ്രതികാര നടപടിയാണ് സര്‍ക്കാര്‍ നടത്തിയതെന്നായിരുന്നു പ്രയാറിന്റെ വിശദീകരണം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കാത്തതിനാല്‍ ഇന്നലെ നടന്ന യോഗത്തില്‍ പ്രയാര്‍ പങ്കെടുത്തിരുന്നു. ഓര്‍ഡിനന്‍സ് മടക്കണമെന്ന് കോണ്‍ഗ്രസും ബി ജെ പിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് നിയമസാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു.
ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഗവര്‍ണ്ണര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക് നിലവിലെ ബോര്‍ഡിന്റെ കാലാവധി അവസാനിക്കും. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പുറത്താകും.
1950 ലെ തിരുവിതാംകൂര്‍ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. 60 വയസ് പൂര്‍ത്തിയായവര്‍ക്കേ ഇനി ദേവസ്വം ബോര്‍ഡില്‍ അംഗമാവാന്‍ കഴിയൂ എന്ന നിബന്ധനയും പുതിയ ഓര്‍ഡിനന്‍സില്‍ ഉണ്ടായിരുന്നു. ശബരിമല സീസണ് തുടങ്ങും മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണം പൂര്‍ണമായും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമായി കുറച്ചു കൊണ്ട് ഇടതു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.
കെ. കരുണാകരന് സര്‍ക്കാരിന്റെ കാലത്ത് നാലുവര്‍ഷമായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി, സിപിഎമ്മിലെ ജി. സുധാകരന് ദേവസ്വം മന്ത്രിയായപ്പോള്‍ രണ്ടുവര്‍ഷമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യുഡിഎഫ് സര്‍ക്കാര്‍ ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിച്ചാണ് മുന്‍എംഎല്‍എ കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെ പ്രസിഡന്റായി നിയമിച്ചത്.
Discussion about this post