കോട്ടയം: ഫോണ്‍ വിവാദത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എ.കെ.ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്. വൈക്കം വിശ്വനുമായുള്ള ചര്‍ച്ച വിജയകരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി കോട്ടയത്തെ വസതിയില്‍ ചര്‍ച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫിലെ മറ്റു നേതാക്കളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും രണ്ടു ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും വൈക്കം വിശ്വന് അറിയിച്ചു.
ശശീന്ദ്രനു മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസ്സമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന ജുഡീഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്. ഉടനെ ശശീന്ദ്രന് തിരിച്ചുവരുമോ എന്ന ചോദ്യത്തിന്, അതു താന്‍ ഒറ്റയ്ക്കല്ല തീരുമാനിക്കേണ്ടതെന്നാണു മുഖ്യമന്ത്രി പറഞ്ഞത്.
ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് എന്‍സിപി ഇടതുമുന്നണിക്കു കത്തുനല്‍കും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. ഹൈക്കോടതിയിലെ കേസിലും അനുകൂല തീരുമാനമുണ്ടായാല്‍ അടുത്ത ഇടതുമുന്നണി യോഗം ശശീന്ദ്രന് അനുമതി നല്‍കും. അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് അനുകൂലമായതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമെന്ന് എന്‍സിപി അറിയിച്ചിരുന്നു. മന്ത്രിയില്ലാതിരിക്കുക എന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കണമെന്നാണ് എന്‍സിപി ദേശീയ നേതൃത്വത്തിന്റെയും താല്പര്യം.
ശശീന്ദ്രനെതിരായ ഫോണ്‍കെണിക്കേസ് കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതു സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ചയാണു ഹൈക്കോടതി പരിഗണിക്കുന്നത്. ഹൈക്കോടതിയും ക്ലീന്‍ചിറ്റ് നല്കിയാല് ശശീന്ദ്രനു മുന്നില്‍ മറ്റ് തടസ്സങ്ങളില്ല. ഇതിനായാണ് എല്‍ഡിഎഫ് കാത്തിരിക്കുന്നത്. ശശീന്ദ്രന് മന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് എന്‍സിപിയും എല്‍ഡിഎഫുമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു.
Discussion about this post