ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പാക്കിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളേക്കാള് സുരക്ഷിതരെന്ന് എഴുത്തുകാരി തസ്മീമ നസ്രിന്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും ജനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെയധികം മെച്ചപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു. പിടിഐയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ അഭയാര്‍ത്ഥിയായ ബംഗ്ലാദേശ് എഴുത്തുകാരിയുടെ വാക്കുകള്‍.
പാക്കിസ്ഥാനിലെ ന്യൂനപക്ഷമത വിശ്വാസികള്‍ മതം മാറ്റുകയോ, വിചാരണ ചെയ്യപ്പെടുകയോ ആണ്. ഇന്ത്യയിലെ അവസ്ഥ ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും അപേക്ഷിച്ചു മെച്ചപ്പെട്ടതാണ്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതത്തില്‍ പെടുന്നവരെയും തുല്യരായി കാണുന്നു. എന്നാല്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളികളൊന്നും ഇല്ലെന്നല്ല താന്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു.
രാജസ്ഥാനില്‍ മുസ്ലി യുവാവിനെ ചുട്ടുകൊന്ന സംഭവത്തില്‍ തന്റെ പ്രതികരണം ചിലര്‍ വളച്ചൊടിച്ചുവെന്നും തസ്ലീമ പറഞ്ഞു. ഹിന്ദു സമൂഹത്തെ ഐഎസിനോട് ഉപമിച്ചുവെന്നായിരുന്നു തെറ്റായ പ്രചരണം. ആ പ്രത്യേകസംഭവത്തെ മാത്രമാണ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ലക്ഷ്യം വച്ചത്. ഇത്തരം വ്യാജ ആരോപണങ്ങളില്‍ താന്‍ അസ്വസ്ഥയാണ്. ചില വ്യക്തികള്‍ തന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെറുപ്പും വിദ്വേഷവും പരത്താന്‍ ഉപയോഗിച്ചു. ഞാന്‍ യൂറോപ്യന്‍ പൗരത്വമുള്ളയാളാണ്,എന്നാല്‍ ഇന്ത്യയാണ് എന്റെ വീട്, ഇവിടെ തങ്ങാന്‍ അനുവാദം നല്കുന്ന ഇന്ത്യന്‍ സര്‍ക്കാരിനോട് എനിക്ക് നന്ദിയുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തസ്ലീമ നസ്രിന് പറഞ്ഞു.
Discussion about this post