ഹൈദരാബാദ്:കോണ്‍ഗ്രസ്സുമായി നയ രൂപീകരണം വേണോ വേണ്ടയോ എന്ന തര്‍ക്കം നിലനില്ക്കുമ്പോള് സിപിഎമ്മിന് ഇന്ന് നിര്‍ണ്ണായക ദിനം. കോണ്‍ഗ്രസുമായി ബന്ധങ്ങളൊന്നും വേണ്ടെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. നിലവിലെ ദേശീയ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബംഗാള്‍ ഘടകം.
സീതാറാം യച്ചൂരിയുടെയോ? പ്രകാശ് കാരാട്ടിന്റെയോ? ഇരുവരില്‍ ആരുടെ നിലപാടിനാവും ഭൂരിപക്ഷമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് തീരുമാനിക്കും. കാരാട്ടിന്റെ ഔദ്യോഗികപ്രമേയവും യച്ചൂരിയുടെ ന്യൂനപക്ഷരേഖയും മാത്രം നിറഞ്ഞ് നിന്നതായിരുന്നു ഇന്നലത്തെ പൊതു ചര്‍ച്ച. അതിന് തുടര്‍ച്ചയായാകും ഇന്നത്തെ നടപടികളും.
സമീപകാലത്ത് കണ്ടിട്ടില്ലാത്ത വിധം പൊട്ടിത്തെറിയുടെ വക്കിലാണ് ഹൈദരാബാദില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ തൊട്ടു പ്രതിനിധികള്‍ വരെ നെടുകെ പിളര്ന്നുനില്ക്കുന്നതിനാല് രാഷ്ട്രീയ പ്രമേയത്തിന്മേല് നടക്കുന്ന വോട്ടെടുപ്പ് പിന്നീടുള്ള സമ്മേളന നടപടികളെയും വിഭാഗീയമാക്കും.
കരട് രാഷ്ട്രിയ പ്രമേയത്തിന്മേല് വോട്ടെടുപ്പ് ഉറപ്പായ പശ്ചാത്തലത്തില്‍ വോട്ടിംഗ് രഹസ്യ ബാലറ്റിലൂടെ വേണമെന്നും വേണ്ടെന്നും വാദിച്ച് ഇരുവിഭാഗങ്ങളും രംഗത്തെത്തി. രഹസ്യ ബാലറ്റ് വേണമെന്ന് യെച്ചൂരി പക്ഷം വാദിയ്ക്കുമ്പോള് പതിവ് രീതി മതിയെന്നാണ് കാരാട്ട് വിഭാഗത്തിന്റെ നിലപാട്.
Discussion about this post