പോലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച പൊലീസ് ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ പൊലീസ് ആസ്ഥാനത്തു ചേരുന്ന യോഗത്തില്‍ എസ്പി മുതല്‍ ഡിജിപി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് സൂചന. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണു അടിയന്തരയോഗം വിളിച്ചിരിക്കുന്നത്.
പൊലീസിലെ ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. പൊലീസിലെ ക്യാമ്പ് ഫോളോവേഴ്സിന്റെ നിയമനം പി.എസ്.സി വഴിയാക്കാനുള്ള ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തിരമാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന് നിര്‍ദേശം നല്‍കിയത്.
ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം 2011ല്‍ പിഎസ്സിക്കു വിട്ടിരുന്നു. എന്നാല്‍ സ്പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ നിയമനം നടത്താന്‍ പിഎസ് സി ക്കു കഴിഞ്ഞിരുന്നില്ല. നിലവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവും താത്കാലിക നിയമനവുമാണു നടക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ സ്പെഷ്യല്‍ റൂള്സിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്. സ്പെഷ്യല്‍ റൂള്‍സ് വരുന്നതോടെ ഇനിയുള്ള നിയമനങ്ങള്‍ പിഎസ്സി വഴിയാകും.
പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് 2007ല്‍ പുറത്തിറങ്ങിയ സര്‍ക്കുലറില്‍ വിശദീകരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. വകുപ്പ് മേധാവികളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കരട് ചട്ടങ്ങള്‍ തയ്യാറാക്കണം.
ശേഷം ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കും. കരട് ചട്ടങ്ങള്‍ ഉദ്യോഗസ്ഥരുടെ സമിതി പരിശോധിച്ച ശേഷം നിയമവകുപ്പ് പരിശോധിക്കും. ഇതിനുശേഷം പി.എസ്.സിയുടെ അനുവാദത്തോടെ കരട് ചട്ടങ്ങളുടെ അന്തിമരൂപം തയ്യാറാകും. സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.
Discussion about this post