രാജ്യദ്രോഹികളും ചില മാധ്യമവീരന്മാരും ചേര്‍ന്നുണ്ടാക്കിയ കപട ചാരക്കേസില്‍ നമ്പിനാരായണനോടൊപ്പം കേരളം മുഴുവന്‍ കേട്ട പേരാണ് ചന്ദ്രശേഖര്‍ എന്ന എഞ്ചിനീയറുടേത്. ഇന്ത്യയുടെ പ്രതിനിധിയായി റഷ്യന്‍ ശൂന്യാകാശ എജന്‍സിയായ ഗ്ളാവ്കോസ്മോസില് അന്ന് ജോലിചെയ്തിരുന്ന ആളായിരുന്നു ചന്ദ്രശേഖര്‍. ചന്ദ്രശേഖറിനേയും നമ്പിനാരായണനേയുമാണ് ഏറ്റവും കൂടൂതല്‍ മാധ്യമങ്ങളും പോലീസും വേട്ടയാടിയത്.
കഴിഞ്ഞ ഇരുപത് കൊല്ലമായി ബാംഗ്ളൂരിലെ വിദ്യാരണ്യപുരയില്‍ ഏതാണ്ട് മുഖ്യധാരയില്‍ നിന്ന് ഒളിച്ചെന്നവണ്ണം കഴിഞ്ഞിരുന്ന ചന്ദ്രശേഖര്‍ ചാരക്കേസിന്റെ വിധി പുറത്തുവന്ന് ഒരു ദിവസം കഴിയും മുന്നേ തന്നോട് ഇത്രയും നന്ദികേട് കാട്ടിയ ഈ ലോകത്തോട് വിടപറഞ്ഞു. എഴുപത്തിയാറു വയസ്സായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുമായി ആശുപത്രിയില്ക്കഴിയുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലേ സുപ്രീം കോടതി വിധി പുറത്തുവരുന്നതിനു മണിക്കൂറുകള്‍ മുന്നേ അബോധാവസ്ഥയിലായി. അബോധാവസ്ഥയിലായിരുന്നെങ്കിലും വിധിപുറത്തുവന്നത് അദ്ദേഹത്തെ വീട്ടുകാര്‍ സ്ക്രീനില്‍ കാട്ടുകയും അദ്ദേഹത്തോട് പറയുകയും ചെയ്തെങ്കിലും അത് കേട്ടോ എന്നറിയില്ല. അദ്ദേഹമതിന് ഒന്നും പ്രതികരിയ്ക്കുണ്ടായിരുന്നില്ല എന്ന് എച് എം ടിയുടെ മുന്‍ ജനറല്‍ മാനേജര്‍ ആയി വിരമിച്ച ഭാര്യ ശ്രീമതി വിജയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഒരു ദിവസത്തിനായാണ് അദ്ദേഹം കഴിഞ്ഞ ഇരുപത് കൊല്ലമായി കാത്തിരുന്നത്. പക്ഷേ അവസാനം നീതി ലഭിച്ചപ്പോള്‍ താമസിച്ചുപോയിരുന്നു. വിജയമ്മ പറഞ്ഞു. ഈ ദമ്പതികള്‍ക്ക് കുട്ടികളില്ല.
നമ്പിനാരായണാനോടൊപ്പം സുപ്രീം കോടതിവരെ കേസു കൊണ്ടുപോകാന്‍ പിന്നണിയില്‍ ചന്ദ്രശേഖറും ഉണ്ടായിരുന്നെങ്കിലും കേസില്‍ കക്ഷി ചേര്‍ന്നിരുന്നില്ല. കേന്ദ്രഗവണ്മെന്റില് തന്നെ ജോലിചെയ്യുന്ന ഭാര്യയുടെ ജോലിയും അപകടത്തിലാകുമോ എന്നും ആ വരുമാനം കൂടി ഇല്ലാതെയായാല്‍ ബുദ്ധിമുട്ടിലാകും എന്നുമുള്ള ഭയമായിരുന്നു കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയോ പൊതുവേദികളില്‍ വരികയോ വന്നിരുന്നില്ല. പക്ഷേ എന്നെങ്കിലും സത്യം പുറത്തുവരുമെന്നും ജനങ്ങള്‍ എല്ലാം മനസ്സിലാക്കുമെന്നും അദ്ദേഹം എല്ലായ്പ്പോഴും പറഞ്ഞിരുന്നെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
കള്ളക്കേസുണ്ടാക്കിയ സമയത്ത് ഇടതും വലതുമായ കേരളം അദ്ദേഹത്തിനേയും കുടുംബത്തേയും അതുപോലെ അപമാനിച്ചിരുന്നു. മാനസികമായും ശാരീരികമായും പോലീസും ഐബിയും അദ്ദേഹത്തെ പീഡിപ്പിച്ചു.അവര്‍ പറയുന്ന കള്ളമൊഴി നല്കാന് നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചു. ആള്ക്കാര് അദ്ദേഹത്തിന്റെ കേരളത്തിലെ വീട് ആക്രമിച്ചു തല്ലിത്തകര്‍ത്തു. ചാരന്മാര് എന്ന് വിളിച്ച് അപമാനിച്ചു.
ബാംഗ്ളൂരിലെ ഹെബ്ബാള്‍ ആശുപത്രിയിലെ ടീവീ സ്ക്രീനില്‍ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സുപ്രീം കോടതിയുടെ വിധിവന്ന വിവരം അദ്ദേഹത്തെ കാട്ടാന്‍ ബന്ധുക്കള്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിട്ട് മണിക്കൂറുകളേ കഴിഞ്ഞിരുന്നുള്ളൂ. അദ്ദേഹമത് കണ്ടോ എന്നറിയില്ല. ഒരു ചെറിയ അനക്കം പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. വൈകിവന്ന നീതി നീതിനിഷേധമാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം നീതിയും നീതിയില്ലായ്മയും ഒന്നും കാര്യമല്ലാത്ത ഒരു ലോകത്തേക്ക് രണ്ട് ദിവസത്തെ അബോധാവസ്ഥയ്ക്ക് ശേഷം അദ്ദേഹം യാത്രയായി.
റഷ്യന്‍ കമ്പനിയായ ഗ്ലവ്കോസ്മോസിന്റെ ലെയ്സണ്‍ ഏജന്റായിരിക്കെയാണ് ചാരക്കേസില്‍ അനധികൃതമായി അറസ്റ്റിലാകുന്നത്. ;”സിബി മാത്യൂസ്, ബാബുരാജ് തുടങ്ങിയവരുള്‍പ്പെട്ട പൊലീസ് സംഘം വീട്ടില്‍ വന്ന് ഒരു തെളിവുമില്ലാതെ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.തിരച്ചില്‍ നടത്തിയെങ്കിലും വീട്ടില്‍നിന്ന് ഒന്നും അവര്‍ക്ക് കണ്ടെത്താനായിരുന്നില്ല. ഇറക്കിക്കൊണ്ടുപോയ അദ്ദേഹത്തെ പെട്ടെന്നുതന്നെ തിരിച്ചെത്തിക്കുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ, കര്‍ണാടക മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പിന്നീട് അറിഞ്ഞു. സിബി മാത്യൂസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയില്ലാതെയാണ് പെരുമാറിയത്. ഭര്‍ത്താവുമായി സംസാരിക്കാന്‍ അനുവദിച്ചില്ല.
അറസ്റ്റിനുശേഷം ക്രൂരപീഡനം നേരിട്ടു. പലയിടങ്ങളില്‍ കൊണ്ടുപോയി അദ്ദേഹത്തെ പീഡിപ്പിച്ചു. അറസ്റ്റിനുശേഷം ജയിലിലേക്ക് മാറ്റാതെ ഗൂഢാലോചന നടത്തി. മനസ്സുതകര്‍ന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. കേസില്‍ ഏതൊക്കെയോ തരത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ നൂറുശതമാനം ഉറപ്പുണ്ട്. അല്ലെങ്കില്‍ അവര്‍ക്കിങ്ങനെ പെരുമാറേണ്ട കാര്യമുണ്ടാകില്ല. ഒരിക്കലും ഇതുപോലെ ആരെയും ദ്രോഹിക്കരുത്. മാധ്യമങ്ങളും പൊലീസ് പറഞ്ഞ ഇല്ലാക്കഥകള്‍ എഴുതി. രാജ്യത്തിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നവരല്ല ഞങ്ങള്‍. നല്ലരീതിയില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന് ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടമായി.-വിജയമ്മ മാധ്യമങ്ങളോട് പറയുന്നു.
‘കേരളാ പോലീസ് ഞങ്ങളുടെ ജീവിതം പൂര്‍ണ്ണമായും തകര്‍ത്തു. അവരെന്തിനാണീ അസംബന്ധം ചമച്ചുണ്ടാക്കിയതെന്ന് ഞങ്ങള്‍ക്കറിയില്ല. അവരെന്താണ് ഞങ്ങളുടെ പേരു നശിപ്പിച്ചിട്ട് ഞങ്ങളെ അപമാനിച്ചിട്ട് നേടിയത് അവരെന്തെങ്കിലും നേടിയോ ആര്‍ക്ക് വേണ്ടിയാണ് അവരിത് ചെയ്തത്.തന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയ ഭര്‍ത്താവിന്റെ ഭൗതികശരീരത്തിനടുത്തിരുന്ന് കേരളം കണ്ട ഒരു വലിയ സാങ്കേതികവിദഗ്ധ കൂടിയായ വിജയമ്മ ചോദിയ്ക്കുമ്പോള്‍ ആ ചോദ്യങ്ങള്‍ക്കുത്തരം തേടേണ്ടത് കേരളത്തിലെ മനസ്സാക്ഷി ബാക്കിനില്‍ക്കുന്നവരുടെ, നീതിബോധം ബാക്കിയുള്ളവരുടെ ബാദ്ധ്യതയാണ്.
Discussion about this post