വയനാട്:സഭ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാനന്തവാടി രൂപതാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ച നടപടികള്‍ കാരയ്ക്കാമല ഇടവക പിന്‍വലിച്ചു. ലൂസിയെ പിന്തുണച്ചും ഇടവകയ്ക്കെതിരെയും വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടികള്‍ പിന്‍വലിക്കാന്‍ ഇടവക തീരുമാനിച്ചത്.
ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു സിസ്റ്റര്‍ ലൂസിയ്ക്കെതിരെ സഭ നടപടികള്‍ സ്വീകരിച്ചത്.
കൂടെ നിന്ന വിശ്വാസി സമൂഹത്തിനോട് നന്ദിയുണ്ടെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. നടപടി പിന്‍വലിച്ച നടപടിയില്‍ സന്തോഷമുണ്ടെന്നും അനീതിക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കാരയ്ക്കാമല പള്ളിയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പാരിഷ് യോഗത്തിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹാളിലേക്ക് വിശ്വാസികള്‍ തള്ളിക്കയറുകയായിരുന്നു. പോലിസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. പിറകെ സിസ്റ്ററിനെതിരായ നടപടികള്‍ പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു. സന്യാസവൃത്തികളുമായി സിസ്റ്റര്‍ സൂസിയ്ക്ക് മുന്നോട്ടു പോകാം.
ബിഷപ്പിനെതിരായ സമരത്തില്‍ സിസ്റ്റര്‍ ലൂസി സമരത്തില്‍ പങ്കെടുത്തതില്‍ വിശ്വാസികള്‍ക്ക് അതൃപ്തിയുണ്ടെന്നായിരുന്നു ഇടവകയുടെ വാദം. എന്നാല്‍ ലൂസിയെ പിന്തുണച്ച് വിശ്വാസികള്‍ തന്നെ രംഗത്തെത്തിയതോടെ ഇടവക വെട്ടിലായി.
കന്യാസ്ത്രീകളുടെ സമരത്തെ തള്ളി കെസിബിസി ഇന്നും പ്രസ്താവന ഇറക്കിയിരുന്നു.
Discussion about this post